വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള സായ് തേജ നുകരാപു ആണ് വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
ചിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ വച്ച് അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. എംബിഎ പഠനത്തിനായാണ് സായ് തേജ അമേരിക്കയിലെത്തിയത്. പെട്രോൾ പമ്പിൽ പാർട് ടൈം ജോലിയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് സായ് തേജയുടെ കുടുംബം പറയുന്നു.
സംഭവത്തെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അപലപിച്ചു. കോൺസുലേറ്റ് വഴി സാധ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ചിക്കാഗോയിലെ കോൺസുലേറ്റ് ജനറലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവിന്റെ മൃതദേഹം അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
Deeply grieved at this news. Our Consulate is rendering all possible assistance to the family. https://t.co/6qEY5yHjfx
— Dr. S. Jaishankar (@DrSJaishankar) November 30, 2024















