ധാക്ക : ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ചിറ്റഗോംഗ് കോടതിയുടെ പുറത്ത് തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ ബംഗ്ലാദേശ് പൊലീസ് നടത്തിയ അക്രമമവുമായി ബന്ധപ്പെട്ട് 39 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റഗോംഗ് മെട്രോപൊളിറ്റൻ പൊലീസ് ( സിഎംപി ) അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ കാസി തരീക് അസീസ് വെള്ളിയാഴ്ച വിവരം സ്ഥിരീകരിച്ചു.
കോടതി പരിസരത്തും സമീപത്തെ കോട്വാലി പോലീസ് സ്റ്റേഷനിലും ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) അനുകൂലികൾ ഉൾപ്പെട്ട ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
പോലീസിനെ ആക്രമിക്കൽ, വാഹനങ്ങൾ നശിപ്പിക്കൽ, സർക്കാർ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ജനങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിലൂടെയും സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലൂടെയും കണ്ടെത്തിയ ആളുകളെ ആണ് പൊലീസ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്.
ചിൻമോയ് കൃഷ്ണ ദാസിനെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജാമ്യം നിഷേധിക്കുകയും ചെയ്ത സമയത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.















