കണ്ണൂർ: മനസാക്ഷി മരവിച്ച അരുംകൊലയ്ക്ക് 25 വയസ്. രാഷ്‌ട്രീയ വൈരത്തിന്റെ പേരിൽ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറിയിൽ കയറി സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ യുവമോർച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ ഇന്നും കെടി ജയകൃഷ്ണൻ മാസ്റ്റർ വധം നടുക്കുന്ന ഒരു ഓർമ്മയാണ്.
കേരളം അതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ നികൃഷ്ടമായി നടപ്പാക്കിയ അരുംകൊല. അദ്ധ്യാപകനായിരുന്ന ജയകൃഷ്ണൻ മാസ്റ്ററെ കണ്ണൂർ ഈസ്റ്റ് മൊകേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് ബി ഡിവിഷനിൽ ക്ലാസെടുത്തുകൊണ്ടിരിക്കെയാണ് ക്ലാസ് മുറിയുടെ അരഭിത്തി ചാടിയെത്തിയ ക്രിമിനലുകൾ അരുംകൊലയ്‌ക്ക് ഇരയാക്കിയത്. 16 കുട്ടികളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. ചോരക്കളമായ ക്ലാസ് മുറിയിൽ നിന്നും ആർത്തട്ടഹസിച്ച് പുറത്തേക്ക് പോയ അക്രമികൾ അവിടുത്തെ ബോർഡിൽ ഇങ്ങനെ കുറിച്ചു ”സാക്ഷി പറഞ്ഞാൽ ജയകൃഷ്ണൻ ആവർത്തിക്കും’.
കൺമുന്നിൽ പ്രിയപ്പെട്ട അദ്ധ്യാപകനെ ജീവനോടെ വെട്ടിനുറുക്കുന്നത് കാണേണ്ടിവന്നത് ആ കുട്ടികളുടെ മാനസീകാവസ്ഥയെയും തകിടം മറിച്ചു. അവരിലൊരാളായ ഷെസീന മാനസിക സമ്മർദ്ദം മൂലം വർഷങ്ങൾക്ക് ശേഷം ജീവനൊടുക്കി. ‘പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ’ എന്ന മാനസിക അവസ്ഥയായിരുന്നു ഷെസീനയ്‌ക്ക്. രണ്ട് വർഷത്തോളം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഷെസിന കൂട്ടാക്കിയിരുന്നില്ല. പുസ്തകം കാണുന്നതുപോലും പേടിയായി. ആംബുലൻസിന്റെ ശബ്ദം കേട്ടാൽ ഓടിയൊളിക്കും. സ്‌കൂൾ മാറ്റിച്ചേർത്തെങ്കിലും പഠനം തുടരാനായില്ല. ഒടുവിൽ പത്താം ക്ളാസും കോളേജ് വിദ്യാഭ്യസവും പ്രൈവറ്റായി പഠിച്ച് പാസായി. കുറച്ചു കാലം വില്ലേജ് ഓഫീസിൽ താത്കാലിക ജീവനക്കാരിയായും പ്രവർത്തിച്ചിരുന്നു. എങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഷെസിനയ്‌ക്ക് സാധിച്ചിരുന്നില്ല.
ഷെസീന അവരിൽ ഒരാൾ മാത്രമായിരുന്നു. ആ ക്ലാസിലുണ്ടായിരുന്ന 16 കുട്ടികളും ഏറെക്കുറെ സമാനമായ മാനസീക അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ആ മാനസിക സമ്മർദ്ദത്തിൽ ജീവിക്കുന്ന അന്നത്തെ ആറാം ക്ലാസുകാർ ഇന്നും കണ്ണൂരിലുണ്ട്. മനുഷ്യാവകാശവും മാനവികതയും മുഖംമൂടിയാക്കി തങ്ങൾക്ക് മൃഗീയാധിപത്യമുളളയിടങ്ങളിൽ ഫാസിസം നടപ്പിലാക്കുന്ന നികൃഷ്ടമായ ഇടത് രാഷ്‌ട്രീയത്തിന്റെ ഇരയായിരുന്നു ജയകൃഷ്ണൻ മാസ്റ്റർ.
കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപിയും യുവമോർച്ചയും ഇന്ന് കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണം സംഘടിപ്പിച്ചിട്ടുണ്ട്. എറണാകുളം അമൃത ടവറിൽ അനുസ്മരണ സമ്മേളനം രാവിലെ 10 മണിക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പിൽ നടക്കുന്ന അനുസ്മരണ റാലിയും പൊതുസമ്മേളനവും വൈകിട്ട് 4.30 ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തലശ്ശേരിയിൽ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണനും തമലത്ത് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷും ബലിദാനദിന പരിപാടിയിൽ പങ്കെടുക്കും. യൂണിറ്റ് തലങ്ങളിൽ പുഷ്പാർച്ചനയും രക്തദാന ക്യാമ്പും സ്വച്ഛഭാരത് മിഷനും ഉൾപ്പെടെയുളള പരിപാടികളും നടക്കും.















