കൊച്ചി: ലോകമെമ്പാടുമുളള തിയറ്ററുകളിൽ ‘എമ്പുരാൻ’ കൊടുങ്കാറ്റ് ആഞ്ഞുവീശാൻ അവശേഷിക്കുന്നത് ഇനി 117 ദിനങ്ങൾ. മാർച്ച് 27 നാണ് റിലീസ്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ സിനിമയുടെ റിലീസ് തീയതി മോഹൻലാലാണ് ഞായറാഴ്ച രാവിലെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് L2- എമ്പുരാൻ. വേറിട്ട പ്രമേയത്തിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച ചിത്രമാണ് ലൂസിഫർ. ഖുറേഷി എബ്രഹാം എങ്ങനെ സ്റ്റീഫൻ നെടുമ്പള്ളിയായി എന്ന സസ്പെൻസ് കാഴ്ചക്കാർക്ക് സമ്മാനിച്ചാണ് ലൂസിഫർ അവസാനിക്കുന്നത്. അതിനുളള ഉത്തരമായിരിക്കും എമ്പുരാൻ.
കലാകാരൻ എന്ന നിലയിലുളള തന്റെ യാത്രയിൽ എന്നും നിധിപോലെ സൂക്ഷിക്കുന്ന സവിശേഷമായ അദ്ധ്യായമായിരിക്കും എമ്പുരാൻ എന്ന് മോഹൻലാൽ റിലീസ് തീയതി പ്രഖ്യാപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പൃഥ്വിരാജിന്റെ ഡയറക്ടർ ബ്രില്യൻസിനെയും സർഗാത്മകതയെയും പുകഴ്‌ത്തിക്കൊണ്ടായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളെയും കൂടുതൽ മികവിലേക്ക് ഉയർത്തുന്നതാണിതെന്ന് അദ്ദേഹം കുറിച്ചു. തിരക്കഥയൊരുക്കിയ മുരളി ഗോപിയുടെ കാൽപനീകമായ കഥപറച്ചിലാണ് സിനിമയുടെ കാതലെന്നും മോഹൻലാൽ പറഞ്ഞു.
യുകെ, യുഎസ്എ, യുഎഇ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 14 മാസങ്ങൾ നീണ്ട അവിശ്വസനീയമായ യാത്രയായിരുന്നു. ചിത്രത്തിന് പിന്തുണ നൽകിയതിനും അചഞ്ചലമായ വിശ്വാസമർപ്പിച്ചതിനും ആന്റണി പെരുമ്പാവൂരിനും സുബാസ്‌കരനും ലൈക പ്രൊഡക്ഷൻസിനും അദ്ദേഹം നന്ദി പറഞ്ഞു.
സിനിമയുടെ അണിയറ പ്രവർത്തകർക്കും മോഹൻലാൽ നന്ദി പറഞ്ഞു. അവരില്ലായിരുന്നെങ്കിൽ ഒന്നും സാദ്ധ്യമായിരുന്നില്ല. അവരാണ് ഈ കഥയ്‌ക്ക് ജീവൻ പകരുന്നത് അദ്ദേഹം കുറിച്ചു. സിനിമയെക്കുറിച്ച് ഇനിയും ഏറെ കാര്യങ്ങൾ പങ്കുവെയ്‌ക്കാനുണ്ടെന്ന് പറഞ്ഞാണ് മോഹൻലാൽ അവസാനിപ്പിക്കുന്നത്.
മഞ്ജുവാര്യർ, ഇന്ദ്രജിത്ത്,ടൊവിനോ തോമസ്, സായ് കുമാർ, ബൈജു സന്തോഷ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ദീപക് ദേവ് ആണ് സംഗീതമൊരുക്കിയത്. ആർട്ട് ഡയറക്ടർ -മോഹൻദാസ്. എഡിറ്റിംഗ് അഖിലേഷ് മോഹൻ.