ഹൈദരാബാദ്: തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പ്രാദേശിക മാവോയിസ്റ്റ് നേതാക്കളെ ഉൾപ്പെടെയാണ് വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ചൽപകയിലെ നിബിഡവനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് മുലുഗു എസ്പി ശബരീഷ് പറഞ്ഞു. മാവോയിസ്റ്റ് ഏരിയ സെക്രട്ടറി ബദ്രു ഉൾപ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസും പുറത്തുവിട്ടിട്ടില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷമാകും കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങൾ സ്ഥിരീകരിക്കുക.
പ്രദേശത്തെ പരിശോധനയിൽ എകെ 47 തോക്കുകൾ ഉൾപ്പെടെ പിടിച്ചെടുത്തതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുൻപ് ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഛത്തീസ്ഗഢിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തെലങ്കാനയിൽ കൂടുതൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് മുലുഗുവിലെ ഏറ്റുമുട്ടൽ നടന്നത്.