കണ്ണൂർ; കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ മാക്കൂൽപീടികയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ. ജയകൃഷ്ണൻ മാസ്റ്ററുടെ ഓർമ്മകൾ മുന്നിൽ പ്രണാമം അർപ്പിച്ചു നൂറു കണക്കിന് പ്രവർത്തകരാണ് വീടിനോട് ചേർന്ന സ്മൃതിമണ്ഡപത്തിലേക്ക് എത്തിയത്.
കേസരി പത്രാധിപർ ഡോ.എൻ ആർ മധു, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണ ദാസ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
1991 ഡിസംബർ ഒന്നിനാണ് കണ്ണൂർ ഈസ്റ്റ് മൊകേരി യുപി സ്‌കൂളിലെ ആറാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനും യുവമോർച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനുമായിരുന്ന കെടി ജയകൃഷ്ണൻ മാസ്റ്ററെ രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം അക്രമികൾ കുട്ടികളുടെ മുൻപിലിട്ട് കൊലപ്പെടുത്തിയത്. കേരളത്തിന്റെ പൊതുമനസാക്ഷി വിറങ്ങലിച്ച കൊലപാതകത്തിന്റെ 25 ാം ഓർമ്മദിനമാണിന്ന്.
ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ നാടെങ്ങും അനുസ്മരണ സമ്മേളനങ്ങളും രക്തദാന ക്യാമ്പുകളും സ്വച്ഛ്ഭാരത് പരിപാടികളും ഉൾപ്പെടെ സ്മൃതിദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.















