തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു. കേരളത്തിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്.
പുതുച്ചേരിയിൽ കരതൊട്ട ഫെംഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിൽ തുലാവർഷം കനക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാടിന്റെ തീരദേശ ജില്ലകളിൽ കനത്ത മഴ പെയ്യുകയാണ്. പുതുച്ചേരിയിൽ റെക്കോർഡ് മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത്. ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്. പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച രാത്രി വരെ അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.















