മലയാളത്തിലെ എക്കാലത്തെയും മുൻനിര നടന്മാരിൽ ഒരാളാണ് മുരളി. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് മൺമറഞ്ഞ നടൻ ഇന്നും സിനിമകളിലൂടെ മലയാളികൾക്കിടയിൽ ജീവിക്കുകയാണ്. എടുത്തുപറയേണ്ട ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും നെയ്‌ത്തുകാരൻ എന്ന ചിത്രത്തിൽ വൃദ്ധനായി എത്തിയ മുരളിയെ ആർക്കും മറക്കാനാകില്ല. വിജയരാഘവൻ, സോന നായർ എന്നിവരായിരുന്നു നെയ്‌ത്തുകാരനിലെ മറ്റ് കഥാപാത്രങ്ങൾ. വർഷങ്ങൾ പിന്നിടുമ്പോൾ നെയ്‌ത്തുകാരന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് സോന നായർ. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് നെയ്‌ത്തുകാരനിലെ ഗീത. ഒരുപാട് നല്ല ഓർമകൾ എനിക്ക് ഉണ്ടായിട്ടുണ്ട്. മുരളി സാറിനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. രണ്ട് ടേക്കിൽ കൂടുതലൊന്നും എടുക്കാത്ത മുരളി സാറിനെ കൊണ്ട് സംവിധായകൻ 20 ഓളം ഷോട്ടുകൾ എടുത്തിട്ടുണ്ട്. എനിക്ക് അത് അത്ഭുതമായിരുന്നു. കാരണം, ആ ഷോട്ടിൽ അത്രയും വ്യക്തത സംവിധായകന് വേണ്ടിയിരുന്നു.
ഷൂട്ടിംഗ് ലൊക്കേഷനിൽ വെറുതെ ഇരിക്കുമ്പോൾ മുഴുവൻ സമയവും മുരളി സാർ പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കും. ഏത് പുസ്തകമാണെന്നൊന്നും അറിയില്ല. ഷോട്ട് കഴിഞ്ഞ് ഫ്രീയാകുന്ന സമയത്തെല്ലാം അദ്ദേഹം വായിക്കും. വായിച്ച പുസ്തകങ്ങളെ കുറിച്ച് പറയാറുണ്ട്. ആ സ്പോട്ടിലിരുന്ന് കവിതകൾ എഴുതി വായിക്കും.
ഫ്രീ ആയിരിക്കുമ്പോൾ സാറിനോട് സംസാരിക്കാൻ എനിക്ക് ഒരുപാടിഷ്ടമാണ്. കാരണം ഒരുപാട് കാര്യങ്ങൾ നമുക്ക് മനസിലാക്കാൻ സാധിക്കും. പുതിയ പുതിയ കാര്യങ്ങൾ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും. മറ്റുള്ളവരെ കുറിച്ചുള്ള പരാതികളോ കുറ്റങ്ങളോ ഒന്നും പറയാറില്ല. അദ്ദേഹം എപ്പോഴും പുസ്തകങ്ങളെ കുറിച്ചും മറ്റുമൊക്കെയാണ് ചിന്തിക്കുന്നത്. രാഷ്‌ട്രീയ കാര്യങ്ങൾ സംസാരിക്കുന്നതും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്.
ഷോട്ട് തുടങ്ങുന്നതിന് മുമ്പ് കണ്ണാടിയിൽ കുറച്ചുനേരം നോക്കിയിരിക്കും. കണ്ണാടിയിൽ തന്നെ നോക്കി, മുഖത്ത് ഒരുപാട് എക്സ്പ്രഷനൊക്കെ കാണിക്കും. മേക്കപ്പ് ഇടുന്നതൊന്നുമല്ല വെറുതെ നോക്കുന്നതാണ്. ആ സിനിമ കഴിയുന്നത് വരെ അദ്ദേഹം അങ്ങനെയായിരുന്നു. എന്തിനാണ് ഇങ്ങനെ നോക്കിയിരിക്കുന്നതെന്ന് ഒരു ദിവസം ഞാൻ ചോദിച്ചു. ആ സീനിൽ ഇങ്ങനെ ഇരിക്കുകയാണെങ്കിൽ നല്ലതായിരിക്കും. അങ്ങനെ ഇരിക്കുകയാണെങ്കിൽ നല്ലതായിരിക്കും. എന്നൊക്കെയാണ് അദ്ദേഹം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. മുരളി സാർ ഇന്ന് ഇല്ലാത്തത് മലയാള സിനിമയ്‌ക്ക് വലിയ നഷ്ടമാണെന്നും സോന നായർ പറഞ്ഞു.















