കോയമ്പത്തൂർ: ഇന്ന് വൈകിട്ട് ഏഴിന് കൊഡീസിയ കാമ്പസിൽ നടക്കുന്ന ‘ഉണർന്നു ശക്തരാകൂ’ എന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ സംസാരിക്കും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ രാഷ്‌ട്രീയ പരിപാടിയാണിത്. അതിനാൽ ബിജെപി അണികൾ സംസ്ഥാന വ്യാപകമായി ആവേശത്തിലാണ്.
തമിഴ്‌നാട്ടിലെ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ അന്താരാഷ്‌ട്ര രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഉപരിപഠനത്തിനായി 3 മാസത്തേക്ക് ലണ്ടൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പോയിരുന്നു. ഉപരിപഠനത്തിന് ശേഷം ഇന്ന് തമിഴ്നാട്ടിലേക്ക് മടങ്ങുകയാണ്. ചെന്നൈ എയർപോർട്ടിൽ എത്തുന്ന അദ്ദേഹം അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിച്ചേരും. കോയമ്പത്തൂർ വിമാനത്താവളത്തിൽ അദ്ദേഹത്തിന് പ്രത്യേക സ്വീകരണം നൽകാനുള്ള ക്രമീകരണങ്ങൾ ജില്ലാ ബി.ജെ.പി ഘടകം ചെയ്തു കഴിഞ്ഞു.
ഇന്ന് വൈകിട്ട് കൊഡീസിയ കാമ്പസിൽ നടക്കുന്ന ‘ഉണർന്നു ശക്തരാകൂ’ എന്ന പരിപാടിയിൽ അണ്ണാമലൈ പങ്കെടുക്കും. വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടിയിൽ അദ്ദേഹം പ്രസംഗിക്കും. മൂന്ന് മാസത്തിന് ശേഷം അദ്ദേഹം ആദ്യമായി തമിഴ്‌നാട്ടിൽ ഒരു രാഷ്‌ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ അതിനു മുന്നോടിയായി മാധ്യമങ്ങളെ കാണാനും അഭിമുഖം നൽകാനും സാധ്യതയുണ്ട്.
കെ അണ്ണാമലൈയുടെ 3 മാസത്തെ അസാന്നിധ്യത്തിൽ തമിഴ് നാട്ടിലും രാജ്യത്തും വിവിധ രാഷ്‌ട്രീയ മാറ്റങ്ങൾ സംഭവിച്ചു. നടൻ വിജയ് പുതിയ പാർട്ടി ആരംഭിച്ചു. ഉദയനിധി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഖിലേന്ത്യ തലത്തിൽ, മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി സഖ്യം വൻ വിജയം നേടി . ഈ പശ്ചാത്തലത്തിലാണ് അണ്ണാമലൈ ഇന്നത്തെ യോഗത്തെ അഭിസംബോധന ചെയ്യാൻ പോകുന്നത്.
3 മാസമായി നിശ്ചലമായ തമിഴ്‌നാട് രാഷ്‌ട്രീയം അദ്ദേഹത്തിന്റെ പ്രസംഗത്തോടെ ചൂടുപിടിക്കുമെന്നാണ് നിഗമനം. അന്താരാഷ്‌ട്ര രാഷ്‌ട്രീയം പഠിച്ച കാലയളവിൽ ലണ്ടനിൽ വിവിധ പരിപാടികളിൽ അണ്ണാമലൈ പങ്കെടുത്തിരുന്നു. അവിടെയുള്ള തമിഴ് വിദ്യാർത്ഥികളെ കണ്ട് അണ്ണാമലൈ ചർച്ച നടത്തിയിരുന്നു.















