വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ മുൻ സർക്കാർ നാമനിർദ്ദേശം ചെയ്ത സംസ്ഥാന വഖ്ഫ് ബോർഡ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പിരിച്ചുവിട്ടു. വഖ്‌ഫുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്തുടനീളം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
വഖ്ഫ് ബോർഡ് രൂപീകരിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ജിഒ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിൻവലിച്ച് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ വഖ്ഫ് ബോർഡ് രൂപീകരിച്ചിരുന്നു.
ഇതിൽ മൂന്ന് പേർ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബാക്കിയുള്ളവർ നോമിനേറ്റ് ചെയ്യപ്പെട്ടു. വഖ്ഫ് ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചോദ്യം ചെയ്തുള്ള ഒരു ഹർജിയിൽ വിധിപറഞ്ഞ ആന്ധ്രാപ്രദേശ് ഹൈക്കോടതി 2023 നവംബർ 1 ന് സംസ്ഥാന വഖ്ഫ് ബോർഡിന്റെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു.
മുൻ സർക്കാർ പുറത്തിറക്കിയ ജി.ഒ എൻ ഡി എ സർക്കാർ പിൻവലിച്ചതായി ന്യൂനപക്ഷ ക്ഷേമ മന്ത്രി എൻ.എം.ഡി.ഫാറൂഖ് പ്രസ്താവനയിൽ പറഞ്ഞു.
“വഖ്ഫ് ബോർഡ് അംഗങ്ങളുടെ നാമനിർദേശം ചോദ്യം ചെയ്ത് ചിലർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.നിയമപ്രശ്‌നങ്ങൾ കാരണം വഖ്ഫ് ബോർഡിന്റെ പ്രവർത്തനത്തിൽ ശൂന്യതയുണ്ടെന്നും അത് മറികടക്കാനാണ് മുൻ ജി.ഒ പിൻവലിച്ച് സഖ്യസർക്കാർ പുതിയ ജി.ഒ പുറത്തിറക്കിയതെന്നും” മന്ത്രി വ്യക്തമാക്കി.