ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട വിചാരണയ്ക്കും അതിക്രമത്തിനും ഇരയായി മാദ്ധ്യമപ്രവർത്തക. ധാക്കയിലാണ് സംഭവം നടന്നത്. ഷെയ്ഖ് ഹസീനയെ പിന്തുണയ്ക്കുന്നവളാണെന്നും ഇന്ത്യൻ ഏജന്റാണെന്നും ആരോപിച്ചായിരുന്നു മാദ്ധ്യമപ്രവർത്തകയെ ജനങ്ങൾ തടഞ്ഞുവച്ചത്. ഒടുവിൽ പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ധാക്കയിലെ കർവാൻ ബസാർ ഏരിയയിലാണ് സംഭവം.
ബംഗ്ലാദേശിലെ പ്രമുഖ ടിവി താരമായ മുന്നി സാഹയെയാണ് അക്രമികൾ തടഞ്ഞുവച്ച് ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയത്. ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മാദ്ധ്യമപ്രവർത്തകയെ പുറത്തിറക്കി നിർത്തുകയായിരുന്നു. തുടർന്ന് പാനിക് അറ്റാക്ക് അനുഭവപ്പെടുകയും ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് ബ്രാഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇവിടെയെത്തി മുന്നി സാഹയെ രക്ഷപ്പെടുത്തിയത്.
എന്നാൽ സാഹയെ തടഞ്ഞുനിർത്തിയ ആക്രമികൾക്കെതിരെ ഇതുവരെയും പൊലീസ് നടപടിയെടുത്തിട്ടില്ല. ഹസീന സർക്കാരിന്റെ പതനത്തിനു ശേഷം ബംഗ്ലാദേശിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ വ്യാപകമായ അടിച്ചമർത്തലുകൾ നടന്നിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് ഒടുവിലുണ്ടായ സംഭവം. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രാജ്യത്തെ നിരവധി മാദ്ധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുകയും അനവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.















