മുംബൈ: നീലച്ചിത്രങ്ങൾ നിർമിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി രാജ് കുന്ദ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ രാവിലെ 11 മണിക്ക് ഇഡിയുടെ മുംബൈ ഓഫീസിലെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരെയും ഇഡിക്ക് സംശയമുണ്ട്. ഇവർക്കും സമൻസ് അയച്ചതായാണ് വിവരം. നവംബർ 29-ന് രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു. ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിലും പരിശോധന നടന്നിരുന്നു.
ഈ വർഷമാദ്യം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുംബൈ ജുഹുവിലെ ഫ്ലാറ്റ്, പൂനെയിലെ ബംഗ്ലാവ്, ഇക്വിറ്റി ഷെയറുകൾ എന്നിവയുൾപ്പെടെ രാജ് കുന്ദ്രയുടെ പേരിലുള്ള 98 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. അന്വേഷണത്തിന് താൻ പൂർണമായും സഹകരിക്കുന്നുവെന്നാണ് ഇഡിയുടെ പരിശോധനകൾക്ക് ശേഷം രാജ് കുന്ദ്ര പ്രതികരിച്ചത്.
അശ്ലീല ഉള്ളടക്കമുള്ള സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച് 2021 ജൂലൈയിൽ മുംബൈ പൊലീസ് രാജ് കുന്ദ്രയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചിലർ തന്നെ ബലിയാടാക്കുന്നുവെന്നാണ് രാജ് കുന്ദ്രയുടെ വാദം. ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് കൂടിയാണ് രാജ് കുന്ദ്ര.















