മുംബൈ: രസകരമായ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ റിതിക റിതിക സജ്‌ദേ. നവംബർ 15 നാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവധിയെടുത്ത രോഹിത് ഓസീസിനെതിരായ ആദ്യ ടെസ്റ്റ് കളിച്ചില്ല.
നവംബർ 16 നാണ് രോഹിത്തും റിതികയും തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചത്. എന്നാൽ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം റിതിക പങ്കുവച്ച ക്രിസ്മസ് തീമിലുള്ള രസകരമായ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. നാല് അംഗങ്ങളുള്ള കുടുംബത്തിന്റെ മിനിയേച്ചർ കട്ടൗട്ടിന്റെ ചിത്രമാണ് പങ്കുവച്ചത്. ഓരോ അംഗങ്ങൾക്കും പേര് നൽകിയിട്ടുണ്ട്. രോഹിതിന് ‘RO’ എന്നും റിതികയ്‌ക്ക് പകരം ‘Rits’ എന്നും മകൾ സമൈറക്ക് ‘Sammy’ എന്ന ഓമനപ്പേരും നൽകിയപ്പോൾ മകന്റെ പേര് ‘അഹാൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂനിയർ ഹിറ്റ്മാന്റെ പേര് വെളിപ്പെടുത്തിയതോടെ റിതികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ. അതേസമയം രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പം ചേർന്ന രോഹിത്ത് അഡ്ലെയ്ഡ് ടെസ്റ്റിൽ അഞ്ചാം നമ്പറിൽ ഇറങ്ങിയേക്കുമെന്നാണ് സൂചന. പെർത്തിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ റെക്കോർഡ് മാർജിനിൽ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തിയിരുന്നു.