ആരുടെയും പേരും വിവരവും പുറത്ത് പോകില്ലെന്ന വിശ്വാസത്തിലാണ് ഹേമ കമ്മിറ്റിക്ക് മുന്നിൽ വിശദമായ മൊഴി നൽകിയതെന്ന് ആവർത്തിച്ച് നടി മാല പാർവതി. ചില കാര്യങ്ങളിലെ വിശദീകരണങ്ങൾ എന്ന് കുറിച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് മാല പാർവതി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുവെന്ന് മാല പാർവതി വിശദീകരിച്ചു.
തന്റെ അനുഭവങ്ങളും, കേട്ട് കേൾവിയും, പതിയിരിക്കുന്ന അപകടങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും, പരിഹാരങ്ങുമൊക്കെയാണ് കമ്മിറ്റിയോട് പറഞ്ഞത്. കമ്മിറ്റിയിലെ മൂന്ന് പേരെയും വിശ്വസിച്ചാണ് വിശദമായി സംസാരിച്ചത്. കേസാകാൻ ആയിരുന്നെങ്കിൽ ഇത്തരത്തിൽ സംസാരിക്കില്ലായിരുന്നു. സിനിമാ മേഖലയിലെ വിഷയങ്ങൾക്ക് പരിഹാരം കാണാനുള്ള ഒരു പഠനമാണെന്ന് കരുതിയാണ് ഇത്രയും വിശദമായി സംസാരിച്ചതെന്നും മാല പാർവതി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനെതിരെ മാല പാർവതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിശ്വാസ വഞ്ചനയാണ് ഹേമ കമ്മിറ്റി തന്നോട് കാണിച്ചതെന്നായിരുന്നു മാല പാർവതിയുടെ ആരോപണം. ഇതോടെ മാല പാർവതിക്കെതിരെ ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി താരം എത്തിയിരിക്കുന്നത്.















