മുനമ്പം: ഹൈബി ഈഡൻ എംപിയുടെ കോലം കത്തിച്ച് മുനമ്പം സമരസമിതി. വോട്ട് ആവശ്യമുള്ളപ്പോൾ മാത്രം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയും, അതിന് ശേഷം അവരെ തിരിഞ്ഞുപോലും നോക്കാത്ത നടപടിയാണ് ഹൈബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കാസ ആരോപിക്കുന്നു. മുനമ്പം ജനതയ്‌ക്ക് ഒപ്പമുണ്ടാകുമെന്ന പ്രഖ്യാപനം നടത്തി കയ്യടി വാങ്ങിയ പോയ ഹൈബി ഈഡൻ ഒരിക്കൽപോലും മുനമ്പത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും കാസ പറയുന്നു.
” കോട്ടപ്പുറം ലത്തീൻ രൂപതയും കെആർഎൽസിസിയും ചേർന്ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ ഹൈബി ഈഡിന് വേണ്ടി സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ വെച്ച് താൻ മുനമ്പം ജനതയ്‌ക്ക് ഒപ്പം ഉണ്ടാവുമെന്ന് പ്രഖ്യാപനം നടത്തി കയ്യടിയും മേടിച്ചു പോയ ഹൈബി ഈഡൻ പിന്നെ ഒരിക്കൽപോലും മുനമ്പത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. മണിപ്പൂർ ചൂണ്ടിക്കാട്ടി വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഹൈബി ഈഡന്റെ ശ്രമത്തിന് തിരിച്ചടിയായിട്ടാണ് മുനമ്പം ജനത ഹെബി ഈഡനെതിരെ പ്രകടനം നടത്തി കോലം കത്തിച്ചത്.
മുനമ്പം സമരപ്പന്തൽ സന്ദർശിക്കുവാൻ പോലും ഹൈബി തയ്യാറായിരുന്നില്ല. വോട്ട് ചെയ്ത് വിജയിപ്പിച്ച സ്വന്തം ജനങ്ങളുടെ പ്രശ്‌നങ്ങൾ മുന്നിൽ നിൽക്കുമ്പോൾ അതിൽ ഒരു വാക്കുപോലും ഉരിയാടാൻ തയ്യാറാവാത്ത ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിൽ നിന്നും 3600 കിലോമീറ്റർ അകലെയുള്ള മണിപ്പൂരിൽ നടക്കുന്ന ഗോത്ര കലാപം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കഴിഞ്ഞദിവസം ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. പഴയതുപോലെ മണിപ്പൂർ വിഷയം ഉയർത്തിക്കാട്ടി ക്രിസ്ത്യാനികളെ വിഡ്ഢികളാക്കാം എന്നാണ് എറണാകുളം എം പിയായ ഹൈബി ഈഡൻ കരുതിയത്. എന്നാൽ ഹൈബി ഈഡൻ എന്ന കപട രാഷ്‌ട്രീയക്കാരന്റെ മുഖം ഒന്നുകൂടി വികൃതമാവുകയാണ് അതിലൂടെ ഉണ്ടായതെന്നും” കാസ ആരോപിക്കുന്നു.















