തമിഴ്‌നാട്: തമിഴ്‌നാട് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടല്‍. കൂറ്റന്‍ പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചു. ഏഴുപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.തിരുവണ്ണാമലയിൽ ക്ഷേത്രത്തിനു പുറകിലുള്ള വിയുസി നഗർ കരുമാരിയമ്മൻ ക്ഷേത്രത്തിനു പിന്നിലെ മലയോര മേഖലകളിലാണ് ഉരുൾപൊട്ടലിൽ പാറകൾ വീണത്. മലയുടെ അടിവാരത്തെ രണ്ട് വീടുകൾക്ക് മുകളിൽ പാറകൾ വീണതായാണ് റിപ്പോർട്ട്. ഈ സമയം വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. ഇവരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നത്.
വീട്ടുടമ രാജ്കുമാർ , ഭാര്യ മീന, മക്കളായ ഗൗതം, ഇനിയ, രാജ്കുമാറിന്റെ ബന്ധുവിന്റെ മകൻ, മക്കളായ ദേവിക, വിനോദിനി, മറ്റൊരു സ്ത്രീ എന്നിവരുൾപ്പെടെ ഏഴ് പേർ വീട്ടിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജില്ലാ കളക്ടർ ഭാസ്‌കര പാണ്ഡ്യൻ, ജില്ലാ പോലീസ് സൂപ്രണ്ട് സുധാകർ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ ഉരുൾപൊട്ടൽ പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി.
ബോളൂർ റോഡ്, വേളൂർ റോഡ്, ചിന്നക്കട സ്ട്രീറ്റ്, തിരുവണ്ണാമലൈ ടെമ്പിൾ റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ വെള്ളത്തിലാണ്.താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. നൂറുകണക്കിന് വീടുകളിൽ മഴവെള്ളം കയറി.















