വത്തിക്കാൻ: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ ഭാഗമായി മാർപ്പാപ്പയ്‌ക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഉപഹാരമായി നൽകിയത് തനത് സംസ്കാരിക ചിഹ്നങ്ങൾ . അശോക സ്തംഭവും സർവ്വമതസമ്മേളനത്തിന്റെ ലോഗോയുമാണ് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മാനിച്ചത്. സജീവ് ജോസഫ് എംഎൽഎ ഭാരതത്തിന്റെ ഭരണഘടനയാണ് നൽകിയത്.
ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി. ശ്രീകുമാർ ഋഗ്വേദം സമ്മാനിച്ചു. തിരുവനന്തപുരം നിംസ് മെഡിസിറ്റി എംഡി ഫൈസൽഖാൻ നെയ്യാറ്റിൻകരയിലെ പാരമ്പര്യ തൊഴിലാളികളുടെ കരവിരുതിൽ പിറന്ന മൺപാത്രങ്ങൾ നൽകി. ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാർ എന്നിവർ സ്വർണ്ണം പൂശിയ ആനയുടെ വിഗ്രഹം, ചെന്നൈ പ്രിൻസ് ജ്വല്ലറി ഉടമ വെള്ളിയിൽ തിർത്ത മാർപ്പാപ്പയുടെ ചിത്രവും സമ്മാനിച്ചു. സമ്മേളനത്തിന്റെ കൺവീനർ വിരേശ്വരാനന്ദ സ്വാമി ശിവഗിരി സമാധിയുടെ തടിയിൽ തീർത്ത രൂപവും ഉപഹാരമായി നൽകി. മുണ്ടും നേര്യതും പുസ്തകവും മാർപ്പാപ്പയ്‌ക്ക് ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടും.
ബുധനാഴ്ചകളിലെ പതിവ് ദർശനത്തിലുപരി മാർപാപ്പ ആളുകളെ അടുത്തെത്തി കാണുകയോ സമ്മാനം സ്വീകരിക്കുകയോ ചെയ്യാറില്ല. എന്നാൽ ലോക മതസമ്മേളനത്തിന് എത്തിയ പ്രതിനിധികളിൽ നിന്ന് മാർപാപ്പ നേരിട്ട് ഉപഹാരം സ്വീകരിക്കുകയും അഭിപ്രായം പറയുകയും ചെയ്തു. സുരക്ഷ പരിശോധകൾ ഒഴിവാക്കിയാണ് മുഴുവൻ പ്രതിനിധികളേയും സെൻ്റ് പീറ്റേഴ്സ് ബസിലിക്കയോട് ചേർന്നുള്ള ഹാളിൽ നടന്ന ആശിർവാദ സഭയിൽ പ്രവേശിപ്പിച്ചത്.