ലണ്ടൻ: പാർക്കിങ് ഫീസ് നൽകാൻ അഞ്ച് മിനിറ്റ് വൈകിയതിന്റെ പേരിൽ യുവതിക്ക് 1906 പൗണ്ട്(2 ലക്ഷം രൂപ) പിഴ ചുമത്തിയതായി പരാതി. ബ്രിട്ടനിലെ റോസി ഹഡ്‌സൺ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പാർക്കിങ് ഫീസ് അടയ്‌ക്കാനുള്ള മെഷീന് തകരാർ സംഭവിച്ചിരുന്നുവെന്നും, അതിനാലാണ് പണം അടയ്‌ക്കാൻ വൈകിയതെന്നുമാണ് റോസി പറയുന്നത്. എന്നാൽ യുവതി പണം അടയ്‌ക്കാൻ വൈകിയത് ഈ ഒരു തവണ മാത്രമല്ലെന്നും പല തവണയായി 190 മിനിറ്റ് വരെ ഇവർ വൈകിയിട്ടുണ്ടെന്നാണ് എക്‌സൽ പാർക്കിങ് ലിമിറ്റഡ് പറയുന്നത്.
കമ്പനി ഇത് ചൂണ്ടിക്കാട്ടി യുവതിക്ക് നോട്ടീസ് കൈമാറി. 10 പാർക്കിങ് ചാർജ് നോട്ടീസുകളാണ് റോസിക്ക് കിട്ടിയിരിക്കുന്നത്. വാഹനം പാർക്ക് ചെയ്യുന്നതിന് മുൻപ് തന്നെ പാർക്കിങ് ഫീസ് അടയ്‌ക്കണമെന്നും, അഞ്ച് മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കണമെന്ന് കൃത്യമായ നിർദ്ദേശം കൈമാറിയിട്ടുണ്ടെന്നും കമ്പനി അധികൃതർ പറയുന്നത്. നിബന്ധനകൾ വായിച്ച് മനസിലാക്കേണ്ടത് വാഹനം ഓടിക്കുന്നവരാണെന്നും ഇവർ പറയുന്നു.
എന്നാൽ ഇത്ര ഭീമമായ തുക പിഴ ചുമത്തുന്നതിൽ ഒരു ന്യായവുമില്ലെന്ന് റോസി പറയുന്നു. പാർക്കിങ് ഫീസ് അടയ്‌ക്കുന്ന മെഷീൻ പ്രവർത്തനരഹിതമായതിനാൽ ഫോൺ ആപ്പ് വഴിയാണ് പണമടച്ചിരുന്നതെന്നും റോസി വ്യക്തമാക്കി. പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഒരു നോട്ടീസ് ലഭിച്ചു. അതിന് ശേഷം പലതവണയായി ഒൻപത് നോട്ടീസുകൾ കൂടി കിട്ടി. ഇതോടെ ആകെ പിഴത്തുക രണ്ട് ലക്ഷത്തിലേക്ക് ഉയരുകയും ചെയ്തു. ഇതോടെ നിയമപോരാട്ടം നടത്തുമെന്ന ഉറച്ച തീരുമാനത്തിലേക്ക് റോസി എത്തി. കേസ് വരും ദിവസം കോടതി പരിഗണിക്കാനിരിക്കുകയാണ്. സാധാരണക്കാർക്ക് വേണ്ടിയാണ് താൻ ഇത്തരത്തിൽ നിയമപോരാട്ടം നടത്തുന്നതെന്നും റോസി പറയുന്നു.















