കൊല്ലം: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ വെളിച്ചത്തിൽ കുത്തിവയ്പ്പ്. കൊല്ലം ജില്ലയിലെ കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി ഉയരുന്നത്. വൈദ്യുതി മുടങ്ങിയപ്പോഴാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ കുത്തിവയ്പ്പ് എടുത്തത്. ജനറേറ്റർ തകരാറിലായതാണ് കാരണമെന്ന് വിശദീകരണം.
വൈദ്യുതി ഇല്ലാതായാൽ രക്തം പരിശോധിക്കാനോ മറ്റ് മരുന്നുകൾ സൂക്ഷിക്കാനോ ഉള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലില്ല. രണ്ട് മാസമായി ജനറേറ്റർ തകരാറിലാണ്. ഈ സാഹചര്യത്തിൽ കുത്തി വയ്പ്പോ രക്ത പരിശോധനയോ ആവശ്യമുള്ള രോഗിക്കൊപ്പം കൂടെയുള്ളയാൾ കൂടി കയറി മൊബൈൽ വെട്ടം തെളിച്ച് കൊടുത്താൽ കാര്യം നടത്തി വീട്ടിൽ പോരാമെന്നതാണ് അവസ്ഥ. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മൊബൈൽ വെളിച്ചത്തിലെ സേവനം അതിരു കടന്നതോടെ രോഗികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.















