തിരുവനന്തപുരം; സി.പി.എമ്മിലെ വിവിധ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറിക്ക് മുഖ്യകാരണം ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതികളിലൂടെ സമാഹരിച്ച പണം പങ്കുവെച്ചതിലെ തർക്കമാണെന്ന് ചെറിയാൻ ഫിലിപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.
ഏരിയ സെക്രട്ടറിമാരിൽ അധികവും ഏട്ടു വർഷത്തിനുള്ളിൽ അഴിമതി കാട്ടിയും വ്യാപക പണപ്പിരിവ് നടത്തിയും കോടീശ്വരന്മാരായി തീർന്നവരാണ്. പലരും വിവിധ മാഫിയകളുടെ ഏജന്റുമാരാണ്. ഇവർക്കും അഴിമതിക്കാരായ ജില്ലാ നേതാക്കൾക്കും എതിരെ ഏരിയ സമ്മേളനങ്ങളിൽ പ്രതിഷേധം അണപൊട്ടിയൊഴുകയാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഏരിയ കമ്മറ്റികളിൽ കൂട്ടുകച്ചവടം നടത്തുന്നവരെ നിലനിർത്താനും സ്വന്തം പിണയാളികളെ കുടിയിരുത്താനുമാണ് ജില്ലാ നേതൃത്വം പലയിടത്തും ശ്രമിക്കുന്നത്. താഴേത്തട്ടിലെ തർക്കം പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ട് എത്തേണ്ട ദുരവസ്ഥ സി.പി.എമ്മിൽ ആദ്യമാണ്. സി.പി.എമ്മിൽ വിഭാഗീയതയല്ല, പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് എം.വി.ഗോവിന്ദൻ പറയുന്നത് പാർട്ടിയിലെ ഗുരുതരമായ ജീർണ്ണത മറച്ചുവെയ്‌ക്കാനാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
രണ്ടു തവണ ഏരിയ സെക്രട്ടറിമാരായവർ ഒഴിഞ്ഞു കൊടുക്കാതെ കുത്തക സൃഷ്ടിക്കുന്നതിനെ പ്രവർത്തകർ എതിർക്കുന്നു. ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലയുള്ള നേതാക്കൾ ഒരിടത്തും തയ്യാറാകുന്നില്ല. പുതിയ ഏരിയ കമ്മറ്റികളെ സമവായം കൂടാതെ മേൽഘടകം ഏകാധിപത്യപരമായി അടിച്ചേൽപ്പിക്കുന്ന പ്രവണതക്കെതിരെ പ്രവർത്തകർ പരസ്യമായി രംഗത്തുവന്നതോടെ സി.പി.എമ്മിലെ അധികാര മത്സരം തെരുവിലായിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
വിഭാഗീയതയുടെ പേരിൽ സിപിഎമ്മിന്റെ കരുനാഗപ്പളളി ഏരിയ കമ്മിറ്റി പിരിച്ചുവിടുന്ന സാഹചര്യത്തിലെത്തി. തിരുവനന്തപുരം മംഗലപുരത്തും ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി പാർട്ടി വിടുന്ന സ്ഥിതിയിലെത്തി. മറ്റ് പല സ്ഥലങ്ങളിലും ലോക്കൽ സമ്മേളനങ്ങളിലും ഏരിയ സമ്മേളനങ്ങളിലും ഉൾപ്പെടെ നിലവിലെ ചുമതലക്കാർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കൊല്ലത്ത് ഉൾപ്പെടെ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരിട്ടാണ് പ്രശ്‌നപരിഹാരത്തിന് ഇറങ്ങിയത്.















