ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന് കീഴിൽ ഇതുവരെ 6.2 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി കോർപ്പറേറ്റ് കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര. ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 6.2 ലക്ഷം അപേക്ഷകരിൽ നിന്നും 1.3 ലക്ഷം പേർക്കായിരിക്കും ആദ്യഘട്ടത്തിൽ അവസരങ്ങൾ ലഭിക്കുന്നത്.. കഴിഞ്ഞ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഒക്ടോബറിലാണ് സർക്കാർ പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്. ആദ്യ ഘട്ട ഇന്റേൺഷിപ് നിയമന ലെറ്ററുകളും ഈ ആഴ്‌ച നൽകാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ തീയതി താത്കാലികമായി മാറ്റിവച്ചു.
കോർപ്പറേറ്റ് മേഖലയിലെയും പൊതുമേഖലയിലെയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 500 കമ്പനികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുകോടി വിദ്യാർത്ഥികൾക്ക് 5 വർഷത്തിനുള്ളിൽ തൊഴിൽ പരിശീലനം നൽകുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി ബജറ്റിൽ 840 കോടി രൂപ വകയിരുത്തി പദ്ധതി വിജയകരമാക്കാനാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ. ഇതിന്റെ ഫലങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തൽ നടപടികൾ ഉറപ്പാക്കുന്നതിനുമുള്ള സംവിധാനവും സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയുൾപ്പെടെ നിരവധി വലിയ സ്ഥാപനങ്ങൾ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. യുവജനങ്ങളുടെ വിപുലമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി നവംബർ 10 ന് അവസാനിക്കാനിരുന്ന രജിസ്ട്രേഷൻ കാലയളവ് നവംബർ 15 വരെ നീട്ടിയിരുന്നു.















