ന്യൂഡൽഹി: ഐഐടി പ്ലേസ്‌മെന്റ് സീസണിന് തുടക്കമായി. ഐഐടി ബോംബെ, ഡൽഹി, മദ്രാസ്, കാൻപൂർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെല്ലാം ആദ്യ ദിനം തന്നെ മികച്ച ജോലി വാഗ്ദാനങ്ങൾ ലഭിച്ചു.
ഐഐടി ബോംബെയിൽ ആദ്യ ദിവസം 45 വിദ്യാർത്ഥികൾ പ്ലേസ്‌മെൻ്റിന് വേണ്ടിയെത്തി. ട്രേഡിംഗ് കമ്പനിയായ ഡാവിൻസി ഡെറിവേറ്റീവ്സ് തങ്ങളുടെ ആംസ്റ്റർഡാം ഓഫീസിലേക്ക് 2.2 കോടിയുടെ ജോലി വാഗ്ദാനം നൽകിയെന്നാണ് വിവരം. മദ്രാസ് ഐഐടിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്ക് ട്രേഡിംഗ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റ് 4.3 കോടി രൂപയുടെ ഓഫർ നൽകിയെന്ന വാർത്തയും പുറത്തുവന്നിരുന്നു. മറ്റൊരു ട്രേഡിംഗ് കമ്പനിയായ ഐഎംസി ട്രേഡിംഗ് മുംബൈയിലെ ഓഫീസിലേക്ക് 10 പേരെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കോടി രൂപയാണ് വാഗ്ദാനം നൽകിയിരിക്കുന്നത്.
എഐ, ബാങ്കിംഗ് കമ്പനികളും ഇത്തവണ പ്ലേസ്‌മെൻ്റ് സജീവമായി നടത്തുന്നുണ്ട്. ആദ്യ ദിനം ട്രേഡിംഗ് കമ്പനികളാണ് പ്ലേസ്‌മെൻ്റിൽ സജീവമായത്. എൻവിഡിയ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും മുൻനിരയിലുണ്ട്. ഡിസംബർ അവസാനം വരെ നീളുന്ന ആദ്യ ഘട്ട പ്ലേസ്‌മെൻ്റിന് ശേഷം ജനുവരി-ഫെബ്രുവരിയിൽ രണ്ടാം ഘട്ടം ആരംഭിക്കും.