മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത പദാർത്ഥമാണ് ഇഞ്ചി. ഉച്ചയൂണിന് എന്തുണ്ടാക്കിയാലും കഴിയുന്നതും ഇഞ്ചി ചേർക്കുന്നതാണ് മലയാളികളുടെ ശീലം. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ ഇഞ്ചി ബെസ്റ്റായതിനാൽ നിരവധി വിഭവങ്ങളിൽ നാം ഇഞ്ചി ചേർക്കാറുണ്ട്.
ഒന്നുകിൽ കുനുകുനെ അരിഞ്ഞോ, അല്ലെങ്കിൽ ചതച്ചോ ഇഞ്ചി ചേർക്കും. ഇഞ്ചിയുടെ തൊലി പൂർണമായും കളഞ്ഞതിന് ശേഷമാണ് ഉപയോഗിക്കാറുള്ളത്. ഇതിനായി കത്തി ഉപയോഗിച്ച് ചെത്തുന്നതാണ് പതിവ്. എന്നാൽ ഈ അബദ്ധം ഇനിയാവർത്തിക്കരുത്.
കത്തി ഉപയോഗിച്ച് തോൽ ചെത്തിക്കളയുമ്പോൾ ഇഞ്ചിയുടെ നല്ലൊരു പങ്കും തോലിനൊപ്പം വേസ്റ്റായി പോകും. അതിനാൽ കത്തി ഉപയോഗിച്ചല്ല, ഇഞ്ചിത്തോൽ കളയേണ്ടത്. അതിന് ഏറ്റവും ഉചിതമായ മാർഗം സ്പൂൺ ആണ്. ഇഞ്ചി വൃത്തിയാക്കാൻ സ്പൂൺ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. നേർത്ത അരികുവശമുള്ള ടീസ്പൂൺ ഉപയോഗിച്ച് ഇഞ്ചിയിൽ ചുരണ്ടുക. എളുപ്പത്തിൽ തൊലി പോകുമെന്ന് മാത്രമല്ല, ഇഞ്ചി വേസ്റ്റാവുകയും ഇല്ല. കൂടാതെ കത്തി ഉപയോഗിച്ച് ചെത്തുമ്പോൾ കൈ മുറിയാനുള്ള സാധ്യതയുണ്ട്. സ്പൂൺ ആകുമ്പോൾ ആ പേടിയും വേണ്ട.

കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന ഇഞ്ചി ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്.















