ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം കുറിച്ച ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ഇതിന് പിന്നാലെ ചന്ദ്രയാൻ-4 ദൗത്യം പണിപ്പുരയിലാണ്. ചന്ദ്രയാൻ-3 നേക്കാൾ മികച്ച സംവിധാനങ്ങളാകും പുതിയ ചാന്ദ്ര ദൗത്യത്തിലുണ്ടാവുകയെന്ന് ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻസ് സെൻ്റർ ഡയറക്ടർ നിലേഷ് ദേശായി പറഞ്ഞു.
ചന്ദ്രയാൻ-4-ന്റെ റോവറിന് 350 കിലോഗ്രാം ഭാരമുണ്ടാകും. ചന്ദ്രയാൻ-3ന്റെ പ്രഗ്യാൻ റോവറിനേക്കാൾ 12 മടങ്ങ് ഭാരമുണ്ടാകുമെന്ന് ചുരുക്കം. അതിനാൽ തന്നെ കൂടുതൽ പേലോഡുകൾ ഉണ്ടാകും. ചാന്ദ്ര പര്യവേക്ഷണത്തിനും സാമ്പിളുകൾ ഭൂമിയിലെത്തിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേശായി പറഞ്ഞു.
500 മീറ്റർ ചുറ്റളവിലുള്ള വിവരങ്ങളാണ് പ്രഗ്യാൻ റോവർ നൽകിയിരുന്നതെങ്കിൽ ചന്ദ്രയാൻ-4 ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഡാറ്റ ശേഖരിക്കും. ദക്ഷിണധ്രുവം കേന്ദ്രീകരിച്ച് തന്നെയാകും ചന്ദ്രയാൻ-4 നിലംതൊടുക. 2030-ഓടെയാകും വിക്ഷേപണമെന്നും അദ്ദേഹം സൂചന നൽകി. എന്നാൽ മറ്റ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത് 2027-ഓടെ വിക്ഷേപണം ഉണ്ടാകുമെന്നാണ്.
ഇന്ത്യയുടെ ദീർഘകാല ബഹിരാകാശ പര്യവേക്ഷണ പദ്ധതികളുടെ ഭാഗമാണ് ചന്ദ്രയാൻ-4. 2040-ൽ മനുഷ്യനെ ചന്ദ്രനിലിറക്കുന്നതും 2050-ഓടെ ബേസ് സ്ഥാപിക്കാനുള്ള പദ്ധതിയുടെയും ജാലകമാകും ചന്ദ്രയാൻ-4 ദൗത്യം.















