ഇന്ന് നാവികസേനാദിനം. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓർമ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഡിസംബർ 4 ലെ ഓപ്പറേഷൻ ട്രൈഡന്റിൽ ഇന്ത്യൻ നാവികസേന പാകിസ്താന്ർറെ പടക്കപ്പലായ പിഎൻഎസ് ഖൈബാർ ഉൾപ്പെടെ നാല് കപ്പലുകൾ മുക്കുകയും നൂറുകണക്കിന് പാക് നാവികരെ വധിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് അടയാളപ്പെടുത്തപ്പെടുന്നത്.

നാവികസേന ദിനം-ചരിത്രം
ശത്രുവിനെ അതിന്റെ മടയിൽ പോയി ആക്രമിക്കണം എന്ന് കേട്ടിട്ടില്ലേ… അതാണ് ഡിസംബർ 4 ന്റെ ഓപ്പറേഷൻ ട്രൈഡന്റ്. ഇന്ത്യൻ എയർബേസുകളിൽ പാകിസ്താൻ ആക്രമിച്ചതോടെയാണ് 1971ലെ യുദ്ധം ആരംഭിച്ചത്. ഡിസംബർ മൂന്നിന് വൈകുന്നേരമാണ് പാകിസ്താൻ ഇന്ത്യൻ വ്യോമതാവളങ്ങളിൽ ആക്രമണം അഴിച്ചുവിട്ടത്. മണിക്കൂറുകൾ ഉള്ളിൽ തന്നെ തിരിച്ചടിക്കാൻ സജ്ജരായ ഇന്ത്യ, ഐഎൻഎസ് നിർഘാട്ട്, ഐഎൻഎസ് വീർ, ഐഎൻഎസ് നിപത് എന്നീ മൂന്ന് മിസൈൽ ബോട്ടുകൾ കറാച്ചിയിലേക്കും അയച്ചു.
പിന്നീട് ലോകം കണ്ടത് രൗദ്രഭാവം മുഴുവൻ ആവാഹിച്ച് ശത്രുവിനെ തകർത്തു തരിപ്പണമാക്കുന്ന ഇന്ത്യൻ നാവികരെയാണ്. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികരാണ് കാലപുരിയിൽ എത്തിയത്. പാകിസ്താന്റെ തോൽവി ഉറപ്പാക്കിയായിരുന്നു നാവിക സേനയുടെ ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണവും ഈ യുദ്ധമായിരുന്നു.
1972 മെയ് മാസത്തിൽ നടന്ന സീനിയർ നേവൽ ഓഫീസർ കോൺഫറൻസിൽ ഡിസംബർ നാല് ദേശീയ നാവിക ദിനം ആഘോഷിക്കാൻ തീരുമാനിച്ചു.പൊതുജനങ്ങളിൽ നാവികസേനയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.
വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് നമ്മുടെ നാവിക സേന. ഇന്ത്യൻ സമുദ്ര തീരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യൻ ദ്വീപുകളുടെയും പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതല നാവിക സേനക്കാണ്. സമുദ്രാതിർത്തിയിൽക്കൂടി സഞ്ചരിക്കുന്ന ചരക്കു കപ്പലുകൾക്കുവേണ്ട സഹായമെത്തിക്കൽ, കപ്പലുകളുടെയും മത്സ്യബന്ധനബോട്ടുകളുടെയും സുരക്ഷ ഉറപ്പുവരുത്തൽ തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നാവികസേന ഭംഗിയായി നിർവഹിക്കുന്നു.
2024 ഡിസംബർ 4ന് ഒഡീഷയിലെ പുരിയിലെ ബ്ലൂ ഫ്ലാഗ് ബീച്ചിൽ നടക്കുന്ന നാവിക ദിനാഘോഷത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 15 യുദ്ധക്കപ്പലുകളും 40 വിമാനങ്ങളും പങ്കെടുക്കും. ആദ്യമായാണ് ഒഡീഷ തീരത്ത് നാവിക ദിനം ആഘോഷിക്കുന്നത്.















