അഗർത്തല: തിങ്കളാഴ്ച അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷനിലെ സുരക്ഷാ ബാരിക്കേഡ് ലംഘിച്ച ജനക്കൂട്ടം അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും ബംഗ്ലാദേശ് ദേശീയ പതാക നീക്കം ചെയ്യുകയും ചെയ്ത സംഭവത്തിൽ ത്രിപുര പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സംഭവത്തിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ 24 മണിക്കൂറും മൊബൈൽ പട്രോളിംഗിനൊപ്പം കോംപ്ലക്‌സിന് സമീപം അധിക സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഡ്യൂട്ടിയിൽ അനാസ്ഥ കാണിച്ചതിനാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.
ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വേട്ടയ്‌ക്കെതിരെ പ്രതിഷേധിച്ച ജനക്കൂട്ടം തിങ്കളാഴ്ച ഉച്ചയ്‌ക്ക്, പോലീസ് ബാരിക്കേഡ് ഭേദിച്ച് സമുച്ചയത്തിലേക്ക് ഇരച്ചുകയറുകയും അതിൽ ഒരു സംഘം അകത്ത് അസിസ്റ്റൻ്റ് ഹൈക്കമ്മീഷണറെ കാണുകയും ചെയ്തു.
ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിൻമോയ് ദാസിന്റെ അറസ്റ്റിനെതിരെ ഹിന്ദു സംഘർഷ് സമിതിയുടെ പ്രവർത്തകരുടെ പ്രതിഷേധമായിരുന്നു നടന്നത്. സമാധാനപരമായ കുത്തിയിരിപ്പ് പ്രകടനമായാണ് ഇത് ആദ്യം ആരംഭിച്ചത്. ബംഗ്ലാദേശിലെ ഒരു സർവ്വകലാശാലയിൽ ഇന്ത്യൻ പതാകയെ അപമാനിച്ചതിനെ ചോദ്യം ചെയ്ത പ്രക്ഷോഭകർ ഇടക്കാല മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുടെ പ്രശ്നവും ഉന്നയിച്ചു.
പ്രതിഷേധക്കാരുടെ ആറംഗ പ്രതിനിധി സംഘം അസിസ്റ്റൻ്റ് ഹൈക്കമ്മീഷണറെ കാണാൻ പോയപ്പോൾ, മറ്റൊരു സംഘം അവിടെ ഉയർത്തിയ ബംഗ്ലാദേശിന്റെ ദേശീയ പതാക നീക്കം ചെയ്യുകയും കസേരകളും പൂച്ചട്ടികളും മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ മിനിറ്റുകൾക്കകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
ത്രിപുരയിലെ അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ പരിസരം ലംഘിച്ചതിനെ വിദേശകാര്യ മന്ത്രാലയം (എംഇഎ) തിങ്കളാഴ്ച ശക്തമായി അപലപിച്ചു.















