കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ കളക്ടർക്കും വിവാദമായ പെട്രോൾ പമ്പ് ഉടമ പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവിട്ട് കോടതി. തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിലാണ് ഉത്തരവ്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. കേസ് ഡിസംബർ 10 ന് വീണ്ടും പരിഗണിക്കും.
അന്വേഷണ സംഘം തെളിവുകൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നു. കോടതി തന്നെ ഇടപെട്ട് ഇത് സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നായിരുന്നു നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം. കളക്ടറുടെയും ആരോപണവിധേയനായ പ്രശാന്തന്റെയും പിപി ദിവ്യയുടേയു മുഴുവൻ ഫോൺ രേഖകളും ലൊക്കേഷൻ വിവരങ്ങളും ശേഖരിക്കണമെന്നും ഇവ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സംഭവ ദിവസം നവീൻ ബാബു സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും ഹർജിയിലുണ്ട്.
എന്നാൽ കേസിൽ പ്രതി ചേർത്തിട്ടില്ലാത്ത പ്രശാന്തന്റെയും കളക്ടറുടെയും ഫോൺ രേഖകളും ലൊക്കേഷൻ വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാവില്ലേ എന്ന് കോടതി ചോദിച്ചു. ഇതിനെത്തുടർന്നാണ് ഇവർ രണ്ട് പേർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കളക്ടറുടെയും പ്രശാന്തന്റെയും മറുപടി ലഭിച്ച ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.















