അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന നടൻ വിക്രാന്ത് മാസിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തന്റെ കുടുംബത്തിന് മുൻഗണന നൽകുന്നതിനാൽ അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്നു എന്നായിരുന്നു വിക്രാന്തിന്റെ പോസ്റ്റ്. കരിയറിന്റെ വളർച്ചയിൽ നിൽക്കുന്ന താരത്തിന്റെ പോസ്റ്റ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോഴിതാ തന്റെ തീരുമാനത്തെ കുറിച്ച് വ്യക്തത വരുത്തുകയാണ് വിക്രാന്ത് മാസി.
അഭിനയത്തിൽ നിന്ന് വലിയ ഇടവേള എടുക്കുന്നുവെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും തന്റെ വാക്കുകളെ ആളുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിക്രാന്ത് മാസി വ്യക്തമാക്കി. എനിക്ക് കുറച്ച് ഇടവേള ആവശ്യമാണ്. എന്റെ ക്രാഫ്റ്റ് പരിപാടികളിൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. നേരത്തെ ഞാൻ പങ്കുവച്ച പോസ്റ്റ് എല്ലാവരും തെറ്റായാണ് വ്യാഖ്യാനിച്ചത്. അഭിനയം നിർത്തുന്നു, വിരമിക്കുന്നു എന്ന തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എന്റെ കുടുംബത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. ശരിയായ സമയം വന്നുവെന്ന് തോന്നുമ്പോൾ ഞാൻ അഭിനയ ലോകത്തേക്ക് തിരിച്ചുവരുമെന്ന് വിക്രാന്ത് കുറിച്ചു.
അഭിനയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസമാണ് വിക്രാന്ത് മാസി ഒരു പോസ്റ്റ് പങ്കുവച്ചത്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. മകൻ, ഭർത്താവ്, പിതാവ് എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായെന്ന് എനിക്ക് തോന്നുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ 2025-ൽ ഒരിക്കൽ കൂടി നമ്മൾ അവസാനമായി കാണും- എന്നായിരുന്നു വിക്രാന്തിന്റെ കുറിപ്പ്.
2007-ൽ പുറത്തിറങ്ങിയ ധൂം മച്ചാവോ ധൂം എന്ന ടിവി ഷോയിലൂടെയാണ് വിക്രാന്ത് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് രൺവീർ സിംഗ്, സോനാക്ഷി സിൻഹ എന്നിവർ പ്രധാന വേഷത്തിലെത്തിയ വിക്രമാദിത്യ മോഠ്വനി ലൂട്ടേര എന്ന ചിത്രത്തിലൂടെ വിക്രാന്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ദ സബർമതി റിപ്പോർട്ടായിരുന്നു താരത്തിന്റെ പുതിയ ചിത്രം. വിരമിക്കൽ നേരത്തെയാണെന്ന് ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ ദ സബർമതി റിപ്പോർട്ട് പ്രധാനമന്ത്രിക്കൊപ്പം കാണാനെത്തിയ വിക്രാന്ത് മാസി വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.