ന്യൂഡൽഹി: വിദേശ വിദ്യാർത്ഥികളുടെ ഇഷ്ടയിടമായി ഭാരതം. സ്റ്റഡി ഇൻ ഇന്ത്യ (SII) പോർട്ടലിലെ കണക്കുകൾ പ്രകാരം 2024-25 അധ്യയന വർഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 72,218 വിദ്യാർത്ഥികളാണ് ഇന്ത്യയിലെത്തിയത്.
ഇന്ത്യൻ വിദ്യാഭ്യാസത്തെ അന്താരാഷ്‌ട്രതലത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് എസ്ഐഐ.
2014-15 അധ്യയന വർഷത്തിലാണ് ആദ്യമായി എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായത്. 2011-12-ൽ 16,410 പേരായിരുന്നെങ്കിൽ പിറ്റേ വർഷം 34,774 പേരാണ് ഇന്ത്യയിൽ വിദ്യാഭ്യാസത്തിനായി എത്തിയത്. കൊവിഡിന് ശേഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ അൽപം കുറവ് വന്നെങ്കിലും വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഇത്തവണ എണ്ണം 70,000 മുകളിലെത്തി.

2018-ലാണ് വിദ്യാഭ്യാസ മന്ത്രാലയം സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാം ആരംഭിച്ചത്. 2023 ഓഗസ്റ്റിൽ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനും വിസയ്‌ക്കും അപേക്ഷിക്കുന്നതിനുമായി സ്റ്റഡി ഇൻ ഇന്ത്യ (എസ്ഐഐ) പോർട്ടൽ ആരംഭിച്ചു. അന്തർ ദേശീയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തക്ഷശില, നളന്ദ തുടങ്ങിയ പുരാതന സ്ഥാപനങ്ങളെ അനുസ്മരിപ്പിക്കുന്ന, ആഗോള വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ ഇന്ത്യ ചരിത്രപരമായ പങ്ക് വീണ്ടെടുക്കുകയാണ്.















