കൊല്ലം : വ്യാജവാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ.ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. കൊല്ലം ചിതറയിൽ മാങ്കോട് തെറ്റിമുക്ക് സ്വദേശിയായ അൻസാരിയുടെ വീട്ടിൽ നിന്നാണ് സ്വർണവും ടോർച്ചും മൊബൈലും മോഷണം പോയത് .ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥനെ തൊണ്ടി സഹിതം പിടികൂടിയത്.
2023 ഡിസംബർ ഒന്നിനാണ് വ്യാജവാറ്റ് കേസിൽ അൻസാരി ചടയമംഗലം എക്സൈസിന്റെ പിടിയിലാകുന്നത് . 42 ദിവസത്തെ റിമാൻഡിന് ശേഷം അൻസാരി ജാമ്യത്തിലിറങ്ങി.വീട്ടിലെത്തിയതിന് പിന്നാലെയാണ് വീട്ടിലെ കിടപ്പ് മുറിയിലെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണമാലയും പത്ത് ഗ്രാം തൂക്കം വരുന്ന ലോക്കറ്റും മൊബൈൽ ഫോണും ഒരു ടോർച്ച് ലൈറ്റും മോഷണം പോയതായി അൻസാരി മനസിലാക്കിയത്. വൈകാതെ ചിതറ പൊലീസിൽ പരാതി നൽകി.
എന്നാൽ പൊലീസ് പരാതി ഗൗരവമായി എടുക്കാത്തതിനെ തുടർന്ന് അഭിഭാഷകന്റെ സഹായത്തോടെ കടയ്‌ക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അൻസാരി പരാതി ഫയൽ ചെയ്തു . തുടർന്ന് പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കൈവശം വച്ചിരുന്നത് എക്സൈസ് ഉദ്യോഗസ്ഥൻ ഷൈജുവാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. എന്നാൽ നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.















