തൃശൂർ: മണ്ണുത്തിയിൽ ഒളിപ്പിച്ചുകടത്തിയ സ്പിരിറ്റ് പിടികൂടി. മുന്തിരിപ്പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2,600 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് സ്പിരിറ്റ് കടത്താൻ ശ്രമിച്ച സംഘമാണ്
പിടിയിലായത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെ മണ്ണുത്തിയിലെ ദേശീയപാതയിൽ വച്ചാണ് പ്രതികൾ പിടിയിലായത്. തൃശൂർ സ്വദേശിക്ക് സ്പിരിറ്റ് കൈമാറുന്നതിനിടെയാണ് രഹസ്യ വിവരം ലഭിച്ച എക്സൈസ് സംഘം ഇവിടേക്ക് എത്തുന്നത്. കേരളത്തിലേക്ക് മുന്തിരി എത്തിക്കുന്നുവെന്ന വ്യാജേന മുന്തിരിപ്പെട്ടിയിൽ ഒളിപ്പിച്ച സ്പിരിറ്റുമായാണ് വാഹനം മണ്ണുത്തിയിലെത്തിയത്.
സ്പിരിറ്റ് വാങ്ങാൻ കാറിലെത്തിയ ആളെയും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും ഉദ്യോഗസ്ഥ സംഘം വളഞ്ഞു. എന്നാൽ എക്സൈസ് വാഹനം ഇടിച്ച് തെറിപ്പിച്ച് ലോറി ഡ്രൈവർ സ്പിരിറ്റുമായി കടന്നുകളയുകയായിരുന്നു. എന്നാൽ പിന്തുടർന്ന എക്സൈസ് സ്പിരിറ്റ് ഉൾപ്പെടെ പിടിച്ചെടുക്കുകയായിരുന്നു.
79 കന്നാസുകളിലായാണ് സ്പിരിറ്റ് നിറച്ചിരുന്നത്. ആർക്കുവേണ്ടിയാണ് സ്പിരിറ്റ് എത്തിച്ചതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറി ഓടിച്ച ഡ്രൈവറും ക്ലീനറുമാണ് അറസ്റ്റിലായത്. കാറിൽ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.















