കോട്ടയം: എരുമേലിയിൽ അറുതിയില്ലാതെ പാർക്കിംഗ് ഫീസ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ അർജുൻ സുഭാഷിനാണ് ദുരവസ്ഥയുണ്ടായത്. ദേവസ്വം ബോർഡും സർക്കാരും ഏകീകരിച്ച വില പ്രകാരം 30 രൂപ മാത്രമാണ് ഫീസ്. എന്നാൽ 500 രൂപയാണ് അർജുനിൽ നിന്ന് ഈടാക്കിയത്.
ഡിസംബർ രണ്ടിന് വൈകുന്നേരം 6.30-നാണ് എരുമേലിയിലെ വാവർ പാർക്കിംഗ് ഗ്രൗണ്ടിൽ അർജുന്റെ മാരുതി കാർ പാർക്ക് ചെയ്തത്. ദർശനത്തിന് ശേഷം പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ തിരിച്ചെത്തി വാഹനമെടുത്തു. വലിയ ബസുകൾക്ക് ഈടാക്കുന്ന 100 രൂപയുടെ പാർക്കിംഗ് പാസിന് പുറകിൽ പാർക്കിംഗ് ജീവനക്കാർ സ്വയം എഴുതി ചേർത്താണ് 500 രൂപ കാറിന് ഈടാക്കിയത്. മലയാളിയായ തന്റെ പക്കൽ നിന്നും ഇത്ര തുക ഈടാക്കിയെങ്കിൽ അന്തർ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരിൽ നിന്ന് എത്ര രൂപയോളമാകും ഈടാക്കുന്നതെന്ന ആശങ്കയും അർജുൻ പങ്കുവച്ചു.
തട്ടിപ്പിനിരയായ അർജുൻ എരുമേലി റവന്യൂ കൺട്രോൾ റൂം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് പരാതി നൽകി. അയ്യപ്പഭക്തർ നിരന്തരം പരാതി നൽകുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പാർക്കിംഗ് ഗ്രൗണ്ടുകളിലും ശൗചാലയങ്ങളിലും അധികൃതരുടെ പരിശോധന കാര്യക്ഷമമല്ലാത്തതും കൊള്ളസംഘങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. അധികൃതരും കരാറുകാരും അയ്യപ്പന്മാരെ കൊള്ളയടിക്കാൻ ഒത്തുകളിക്കുകയാണ്.















