ആകാശത്ത് നിന്ന് വയലിലേയ്ക്ക് പതിച്ച് അപൂർവ്വവസ്തു . മഹാരാഷ്‌ട്രയിലെ ചിഖാലി താലൂക്കിലെ അഞ്ചർവാടിയിലാണ് ഈ വിചിത്രമായ സംഭവം . ബലൂൺ പോലുള്ള നിഗൂഢമായ വസ്തുവാണ് ആകാശത്ത് നിന്ന് വീണത്. ഇത് കണ്ട പലരും ഭീതിയിലാണ്.
കഴിഞ്ഞ ദിവസം മേഘാവൃതമായ കാലാവസ്ഥയ്‌ക്കിടയിലാണ് അഞ്ചർവാടി സഞ്ജയ് സീതാരാമ രേഹാഷിന്റെ വയലിൽ ബലൂൺ പോലെയുള്ള വസ്തു ആകാശത്ത് നിന്ന് വീണത്. സഞ്ജയ് പതിവുപോലെ മകൻ അവിനാശിനും ബന്ധു വൈഭവിനുമൊപ്പം പാടത്തിറങ്ങിയപ്പോഴാണ് ഇത് കാഴ്‌ച്ച കണ്ടത് .
സൂക്ഷ്മപരിശോധനയിൽ ബലൂണിൽ കൊറിയൻ അക്ഷരങ്ങൾ ഘടിപ്പിച്ച ഉപകരണം കണ്ടെത്തി. സഞ്ജയ് ഉടൻ തന്നെ ഇക്കാര്യം പൊലീസിൽ അറിയിച്ചു . കാര്യം പുറത്തറിഞ്ഞയുടൻ, നിഗൂഢമായ വസ്തു കാണാൻ ഗ്രാമവാസികളും ഓടിയെത്തി. തുടർന്ന് പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി ഉപകരണം പിടിച്ചെടുത്തു.
കൊറിയൻ അക്ഷരങ്ങളുള്ള ഉപകരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉപകരണമാണെന്നാണ് നിഗമനം . എന്നാൽ ഈ ഉപകരണം എങ്ങനെ ഇവിടെ എത്തി, അതിന്റെ ഉദ്ദേശം എന്താണ് എന്നതിനെ കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം സംഭവത്തിൽ ഗ്രാമവാസികൾ ഒന്നടങ്കം ഭീതിയിലാണ്.















