പത്തനംതിട്ട: എഡിഎമ്മായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്‌ക്ക് സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനമാറ്റം. പത്തനംതിട്ട കളക്ടറേറ്റിലാണ് പുതിയ നിയമനം. കോന്നി തഹസിൽദാർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് മഞ്ജുഷ അപേക്ഷ നൽകിയത്.
മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച ശേഷം ലാൻഡ് റവന്യൂ കമ്മീഷണർ സ്ഥാനമാറ്റത്തിന് ഉത്തരവിറക്കുകയായിരുന്നു. കോന്നി തഹസിൽദാർ എന്ന സുപ്രധാന പദവിയിൽ ഇരുന്ന് ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലല്ലെന്നും തത്തുല്യമായ മറ്റൊരു പദവിയിലേക്ക് നിയമനം മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു മഞ്ജുഷ അപേക്ഷ സമർപ്പിച്ചത്.
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. കൈക്കൂലി ഇടപാട് സംബന്ധിച്ചുള്ള വിജിലൻസ് അന്വേഷണം പൂർത്തിയായി. അന്തിമ റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ ഈ ആഴ്ച ആഭ്യന്തര വകുപ്പിന് കൈമാറും.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിന്റെ ഹർജിയിൽ സർക്കാരിനോടും പൊലീസിനോടും നിലപാട് തേടിയ ഹൈക്കോടതി 10 ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നും നിർദേശിച്ചു. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടി ആവശ്യപ്പെട്ടിരുന്നു.