നസ്രിയയുടെ സഹോദരനും അമ്പിളി എന്ന സിനിമയിലെ നടനുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയം നടന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. ഗോൾഡൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയിൽ ലഹങ്ക ധരിച്ച് അതിസുന്ദരിയായാണ് നസ്രിയ ചടങ്ങിനെത്തിയത്. ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള കുർത്തയായിരുന്നു ഫഹദിന്റെ വേഷം.
അനിയനെയും അനിയത്തിയെയും ചേർത്ത് നിർത്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന നസ്രിയയുടെയും ഫഹദിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിലൂടെ പുറത്തെത്തിയിട്ടുണ്ട്. നടൻ സൗബിൻ ഷാഹിർ, സംഗീത സംവിധായകൻ സുഷിൻ ശ്യാം, ഭാര്യ ഉത്തര എന്നിവർ വിവാഹനിശ്ചയത്തിൽ പങ്കെടുത്തു.
അമ്പിളി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നവീൻ നസീം സീ യു സൂൺ, ആവേശം തുടങ്ങിയ സിനിമകളിലെ അസിസ്റ്റന്റായിരുന്നു. അമ്പിളിയിൽ സൗബിൻ ഷാഹിറിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമായിരുന്നു നവീൻ നസീമിന്റേത്.















