മുംബൈ: മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്ണനെ സന്ദർശിച്ച് മഹായുതി നേതാക്കൾ. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് നേതാക്കൾ ഗവർണർക്ക് കത്ത് കൈമാറി. ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരാണ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാനത്ത് ബിജെപി നിരീക്ഷകരായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, മുൻ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ വിജയ് രൂപാനി എന്നിവർ പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് ശേഷമാണ് മഹായുതി നേതാക്കൾ ഗവർണറെ കണ്ടത്. ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി നാളെ ( 5-12-2024) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുംബൈയിലെ ആസാദ് മൈതാനിയിൽ വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ എല്ലാവരുമാണ് തന്നെ തെരഞ്ഞെടുത്തതെന്നും ഗവർണറെ സന്ദർശിച്ച ശേഷം ദേവേന്ദ്ര ഫഡ്നാവിസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചരിത്രപരമായ തെരഞ്ഞെടുപ്പിനാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത്. മഹാരാഷ്‌ട്രയിൽ മഹായുതി സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുവദിച്ചു.
മഹാരാഷ്‌ട്രയുടെ വളർച്ചയ്‌ക്കും വികസനത്തിനും വേണ്ടി മഹായുതി സഖ്യം ഒരുമിച്ചുനിൽക്കും. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവയൊക്കെ
വെറും തസ്തികകൾ മാത്രമാണ്. മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.