ഹണി റോസ് നായികയായി എത്തുന്ന ചിത്രം റേച്ചൽ ജനുവരിയിൽ തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി പത്തിന് അഞ്ച് ഭാഷകളിലായാണ് റേച്ചൽ റിലീസ് ചെയ്യുന്നത്.
ആനന്ദിനി ബാലയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലീംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സസ്പെൻസ് ത്രില്ലർ ചിത്രമായാണ് റേച്ചൽ ഒരുങ്ങുന്നത്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസാണ് പുതിയ പോസ്റ്ററിലുള്ളത്. തികച്ചും വ്യത്യസ്ത വേഷത്തിലാണ് ഹണി ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈൻ സഹനിർമാതാവും സഹരചയിതാവുമാകുന്ന റേച്ചൽ പുത്തൻ ദൃശ്യവിരുന്ന് നൽകുമെന്നാണ് വിവരം. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷയും രാജൻ ചിറയിലും എബ്രിഡ് ഷൈനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.















