ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. സൈനികന് നേരെ ഭീകരവാദികൾ വെടിയുതിർത്തു. ജമ്മുകശ്മീരിൽ പുൽവാമ അവന്തിപ്പോറയിൽ അവധിയിലായിരുന്ന സൈനികന് നേരെയാണ് ഭീകരർ വെടിയുതിർത്തത്.
ആക്രമണത്തിൽ സൈനികൻ ദെൽഹയർ മുഷ്താഖിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തെരച്ചിൽ നടത്തി വരിയാണെന്നും സൈന്യം അറിയിച്ചു.
മുഷ്താഖിന്റെ കാലിനാണ് വെടിയേറ്റത്. സൈനികന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദച്ചിഗാം വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീകരാക്രമണമുണ്ടായത്.
ഗഗൻഗീറിലും ഗന്ദർബാലിലും നടത്തിയ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെയാണ് സുരക്ഷാ സേന ദച്ചിഗാം വനമേഖലയിൽ വച്ച് വകവരുത്തിയത്. ഭീകരാക്രമണത്തിൽ തുരങ്ക നിർമാണ തൊഴിലാളികളായ 6 പേരും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു.