കണ്ണൂർ; ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസിന് നൽകിയ സമാധാന നൊബേൽ നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചെടുപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിൽ ചൈനയ്‌ക്കും അമേരിക്കയ്‌ക്കും താൽപര്യങ്ങളുണ്ട്. വളരുന്ന ഭാരതത്തിന് ചുറ്റുമുള്ള രാജ്യങ്ങളെ ആയുധം കൊടുത്ത് ശക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജെ നന്ദകുമാർ പറഞ്ഞു. ബംഗ്ലാദേശിൽ നടക്കുന്ന കൊടിയ ന്യൂനപക്ഷ വേട്ട മറച്ച് പിടിക്കാനാണ് ഇവിടത്തെ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷ് പാർലമെന്റിൽ പോലും ബംഗ്ലാദേശ് വിഷയം ചർച്ചയാകുന്നു. എന്നാൽ ഇവിടെ കള്ളറിപ്പോർട്ടുകൾ ഉയർത്തി ബംഗ്ലാദേശിൽ നടക്കുന്ന കൊടിയ ന്യൂനപക്ഷവേട്ട മറച്ച് പിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചെയ്തിട്ടില്ലാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ക്രൂരതയാണ് ബംഗ്ലാദേശിലെ ഹിന്ദു സമൂഹം നേരിടുന്നത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമം അവിടെ നടന്ന രാഷ്‌ട്രീയമാറ്റത്തെ തുടർന്നല്ല. അതിനുളള ഒരുക്കങ്ങൾ കുറച്ചുനാളായി അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി നടത്തിയ പ്രക്ഷോഭം ഒരു മുഖംമൂടിയായിരുന്നു. അവിടുത്തെ നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ബംഗ്ലാദേശിനെ മതരാഷ്‌ട്രമാക്കി മാറ്റുകയെന്നതായിരുന്നു അതിന്റെ പ്രധാന ഉദ്ദേശ്യമെന്നും ജെ നന്ദകുമാർ പറഞ്ഞു.
ഒന്നായി നിന്നാൽ മാത്രമേ നാം കരുത്തരാകൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. വസ്തുത പറയാതിരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബാലറാം ചടങ്ങിലെ മുഖ്യ സാന്നിധ്യമായി. അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഐക്യദാർഡ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.