സോൾ: ദക്ഷിണ കൊറിയയിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് യുൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുൻ രാജിവച്ചു. പ്രസിഡന്റിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. പട്ടാളനിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിന് ശേഷം പിൻവലിച്ചെങ്കിലും രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. പട്ടാളനിയമം പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രസിഡന്റിന്റെ സ്വന്തം പാർട്ടിയായ പവർ പാർട്ടിക്കുള്ളിലും ഭിന്നത രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ രാജി.
കിം ജോങ് ഹ്യൂനിന്റെ രാജി പ്രസിഡന്റ് അംഗീകരിച്ചതായും, സൗദി അറേബ്യയിലെ കൊറിയൻ അംബാസഡറായ ചോയ് ബ്യുങ് ഹ്യൂക്കിനെ പ്രതിരോധ മന്ത്രിസ്ഥാനത്തേക്ക് നാമനിർദേശം ചെയ്തതായും യുൻ സുക് യോളിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച രാത്രിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പാർലമെന്റ് അംഗങ്ങൾ അടക്കമുള്ളവർ നാഷണൽ അസംബ്ലിക്ക് മുന്നിലേക്ക് ഒഴുകിയെത്തി. അസംബ്ലിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സൈന്യം ശ്രമിച്ചെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് പിന്മാറുകയായിരുന്നു.
അതേസമയം യുൻ സുക് യോളിനെ ഇംപീച്ച് ചെയ്യാനാണ് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ തീരുമാനം. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. 300 അംഗങ്ങളുള്ള പാർലമെന്റിൽ 190 പേരും പ്രമേയത്തെ പിന്തുണച്ചു. വരും ദിവസത്തിൽ തന്നെ ഇതിന്മേൽ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുകയാണെന്നും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു യുൻ സുക് യോളിന്റെ നീക്കം.















