സൂററ്റ് : എട്ടാം ക്ലാസ് പാസായവർക്ക് മെഡിക്കൽ ബിരുദം വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി തട്ടിപ്പ് . ഇതുമായി ബന്ധപ്പെട്ട് 14 വ്യാജ ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. 60,000 മുതൽ 80,000 രൂപയ്‌ക്ക് വരെയാണ് സംഘം മെഡിക്കൽ ബിരുദം വിൽക്കുന്നത്. വ്യാജബിരുദങ്ങൾ നിർമ്മിക്കുന്ന സംഘത്തിലെ പ്രധാനികളായ രമേശ്മ് ശോഭിത്ത്, ഇർഫാൻ എന്നിവരെ വളരെ പണിപ്പെട്ടാണ് പൊലീസ് കുടുക്കിയത്.
ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഎച്ച്എം) ഗുജറാത്തിന്റെ പേരിലാണ് വ്യാജ ബിരുദങ്ങൾ വിതരണം ചെയ്യുന്നത് . അന്വേഷണത്തിൽ നൂറുകണക്കിന് വ്യാജ സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെത്തി.
വ്യാജ ബിരുദ റാക്കറ്റ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂറത്ത് നഗരത്തിലെ പണ്ഡേസര മേഖലയിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി 1500-ലധികം വ്യാജ ബിരുദങ്ങൾ നൽകിയതായി പൊലീസ് പറയുന്നു.
പലരും വ്യാജ ബിരുദങ്ങൾ വാങ്ങി സ്വന്തം ക്ലിനിക്കുകൾ നടത്തി. വ്യാജ മെഡിക്കൽ ബിരുദധാരികളായ മൂന്ന് പേർ അലോപ്പതി ക്ലിനിക്കും നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചു.















