കട്ടപ്പന: ഇടുക്കി കട്ടപ്പന സ്റ്റാൻറിൽ കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ബൈസൺ വാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്
ഒരു മാസത്തേക്കാണ് ഇടുക്കി ആർടിഒ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ എടപ്പാൾ ഐഡിടിആർ ൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ഭാഗ്യം കൊണ്ട് മാത്രമാണ് കുമളി സ്വദേശിയായ വിഷ്ണു പരിക്കേൽക്കാതെ രക്ഷപെട്ടത്.
സ്റ്റാൻഡിൽ യാത്രക്കാരുടെ കാത്തിരിപ്പ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു വിഷ്ണു. ഇതിന് മുൻപിലാണ് പുറപ്പെടാനുളള ബസുകൾ നിർത്തിയിടുന്നത്. മൊബൈലിൽ നോക്കിക്കൊണ്ടിരുന്ന വിഷ്ണുവിന് മേലേക്ക് സ്റ്റാൻഡിലേക്ക് എത്തിയ ബസ് പാഞ്ഞുകയറുകയായിരുന്നു. യാത്രക്കാർ നിൽക്കുന്ന ഭാഗം നിലത്ത് നിന്നും ഉയർത്തിക്കെട്ടിയിരുന്നതിനാൽ ഇവിടേക്ക് ബസിന്റെ ടയർ കയറി മുൻഭാഗം ഉയർന്നു നിന്നതാണ് വിഷ്ണുവിന് രക്ഷയായത്. വിഷ്ണു ബസിന്റെ അടിയിൽ പെട്ടിരുന്നു.
ബസ് പെട്ടന്നു തന്നെ പിന്നോട്ടെടുത്തതോടെ യുവാവ് രക്ഷപെടുകയായിരുന്നു. വിഷ്ണുവിന്റെ കഴുത്തിന്റെ ഭാഗത്ത് വരെ ബസിന്റെ മുൻഭാഗം എത്തിയിരുന്നു. അപകടം കണ്ടുനിന്ന യാത്രക്കാരാണ് ബസ് പിന്നോട്ട് നീങ്ങിയ ശേഷം വിഷ്ണുവിനെ പിടിച്ചെഴുന്നേൽപിച്ചത്.
യാത്രക്കാരുടെ സമീപത്തേക്ക് ബസ് കൊണ്ടുവന്ന് നിർത്തുമ്പോൾ കാട്ടേണ്ട ജാഗ്രത ഡ്രൈവർ കാട്ടിയില്ലെന്നാണ് നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.















