ശീതകാല സമ്മേളനത്തിന്റെ ചൂടിലാണ് പാർലമെന്റ് . ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ ചർച്ചകൾക്കാണ് പാർലമെൻ്റ് സാക്ഷിയാകുന്നത് . അതിനിടയിൽ ‘ ഒരമ്മയും, മകനുമായുള്ള ‘ സ്നേഹനിമിഷത്തിനും സാക്ഷ്യം വഹിച്ചു പാർലമെൻ്റ് . പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയും രാജ്യസഭാംഗവുമായ സുധാ മൂർത്തി രാജ്യസഭയിൽ കാണിച്ച മാതൃസ്നേഹത്തിൽ എല്ലാവരും മേശപ്പുറത്ത് കയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ എയർഫോഴ്‌സ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇതിനിടെയാണ് ശബ്ദമിടറിയ അദ്ദേഹം വെള്ളം വേണമെന്ന് ചെയർമാനായ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശത്തോട് ആവശ്യപ്പെട്ടത് . അദ്ദേഹം ഉടൻ അവിടെയുള്ള ജീവനക്കാരോട് വെള്ളം കൊണ്ടുവരാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ സാഹചര്യം മനസിലാക്കിയ സുധാമൂർത്തി രാജ്യസഭാ ജീവനക്കാർ വെള്ളം കൊണ്ടുവരുന്നതിന് മുമ്പ്, തന്നെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തന്റെ കൈവശമുണ്ടായിരുന്ന വെള്ളക്കുപ്പിയുമായി നായിഡുവിനരികിലെത്തി.
സുധാമൂർത്തിയുടെ വാത്സല്യത്തിൽ മനസ് നിറഞ്ഞ നായിഡു ഇരുകൈകളും നീട്ടി വണങ്ങി താങ്ക്യൂ മാഡം എന്ന് പറഞ്ഞാണ് സ്നേഹം പ്രകടിപ്പിച്ചത്. അമ്മയെപ്പോലെ തന്നോട് സ്‌നേഹം കാണിച്ചതിന് രാംമോഹൻ നായിഡു നന്ദി പറഞ്ഞു. രാംമോഹൻ നായിഡുവിന്റെ മറുപടിയെ നിരവധി അംഗങ്ങൾ അഭിനന്ദിച്ചു.















