ന്യൂഡൽഹി: അഗർത്തല, കൊൽക്കത്ത ഹൈക്കമ്മീഷനുകളിലെ മിഷൻ മേധാവികളെ ബംഗ്ലാദേശ് ധാക്കയിലേക്ക് അടിയന്തരമായി തിരിച്ചുവിളിച്ചു. കൊൽക്കത്തയിലെ ബംഗ്ലാദേശ് ആക്ടിംഗ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഷിക്ദാർ എംഡി അഷ്‌റഫുർ റഹ്മാൻ, ത്രിപുരയിലെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷണർ അരിഫുർ റഹ്മാൻ എന്നിവർക്ക് ധാക്കയിലേക്ക് മടങ്ങാൻ അടിയന്തര നിർദ്ദേശം നൽകിയതായി പ്രോതോം അലോ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷനിൽ പ്രതിഷേധക്കാർ അതിക്രമിച്ച് കയറിയതിന് തൊട്ടുപിന്നാലെയാണിത്.
ധാക്ക വഴി പോവുകയായിരുന്ന അഗർത്തല-കൊൽക്കത്ത ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിലെ ബ്രാഹ്മൺബാരിയ ജില്ലയിൽ വെച്ച് ആക്രമണം നേരിട്ടതിന് പിന്നാലെയായിരുന്നു ഹൈക്കമ്മീഷനിലെ പ്രതിഷേധം.
ഈ വർഷമാദ്യം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെത്തുടർന്ന് ബംഗ്ലാദേശിലെ മുസ്‌ലിം വർഗീയവാദികൾ വൻ തോതിൽ ഹിന്ദുക്കളെ വേട്ടയാടുകയാണ്. ഹിന്ദുക്കൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ തുടർന്ന് ബംഗ്ലാദേശ് അന്താരാഷ്‌ട്രതലത്തിൽ ഒറ്റപ്പെട്ടു.















