തിരുവനന്തപുരം: രണ്ടര വയസുകാരിയെ ഉപദ്രവിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതിയിലേക്ക് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പൊലീസിന്റെ നരയാട്ട്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി.
രണ്ടര വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുവമോർച്ച മാർച്ച് നടത്തിയത്. മാർച്ചിനിടെ യുവമോർച്ച പ്രവർത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്‌ക്കുകയായിരുന്നു.
യുവമോർച്ച നടത്തിയ മാർച്ച് സംഗീതകോളേജിന് മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞിരുന്നു. ഇതോടെ പൊലീസും യുവമോർച്ച പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് മർദ്ദനത്തിൽ ബിജെപി പ്രവർത്തകന്റെ തലപൊട്ടി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കിടക്കയിൽ മൂത്രം ഒഴിച്ചതിനെ തുടർന്നാണ് രണ്ടര വയസുകാരിയുടെ സ്വകാര്യഭാഗത്ത്, ആയ നുള്ളി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ താത്കാലിക ജീവനക്കാരായ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിൽ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് ഉയരുന്ന ആക്ഷേപം. ഇടതുപക്ഷ അനുഭാവമുള്ളവരെയാണ് സ്ഥാപനത്തിൽ പല ജോലികളിലേക്കും നിയമിക്കുന്നതെന്നും, അതുകൊണ്ട് തന്നെ പരാതി ഉയർന്നാൽ നടപടി സ്വീകരിക്കാറില്ലെന്നുമുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.