പ്രണയത്തെ കുറിച്ച് മനസുതുറന്ന് ഗായിക അഞ്ജു ജോസഫും ഭർത്താവ് ആദിത്യ പരമേശ്വരനും. തങ്ങളുടെ കഥ വൈകാതെ എല്ലാവരോടും പറയുമെന്ന് വിവാഹശേഷം ഇരുവരും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തിൽ എത്തിയതിനെ കുറിച്ചുമൊക്കെ ഇരുവരും തുറന്നുപറയുന്നത്.
കുട്ടിക്കാലം മുതൽ തങ്ങൾക്ക് പരസ്പരം അറിയാമായിരുന്നെന്നും കുടുംബാംഗങ്ങൾ തമ്മിലും അടുത്ത ബന്ധമുണ്ടെന്നും അഞ്ജു ജോസഫ് പറഞ്ഞു. അഞ്ജുവിന്റെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും ആദിത്യയുടെ സുഹൃത്തായ ആഷിഖുമാണ് ഈ ബന്ധത്തിൽ ഹംസമായി നിന്നതെന്നും ഇരുവരും പറയുന്നുണ്ട്.
“കുട്ടിക്കാലം മുതൽ തന്നെ ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. കുടുംബപരമായും നന്നായി അറിയാം. പക്ഷേ, കൊവിഡ് കഴിഞ്ഞ സമയത്താണ് ഞങ്ങൾ കൂടുതൽ അടുത്തത്. ഒരു പരിപാടിക്കായി അഞ്ജു വർക്കല വന്നിരുന്നു. അന്ന് ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് ഞാൻ എന്റെ സുഹൃത്തുക്കളെയും കൂട്ടി വർക്കല പോയിരുന്നു. അഞ്ജുവിന്റെയൊപ്പം ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു. ഐശ്വര്യയും എന്റെ സുഹൃത്ത് ആഷിഖുമാണ് നമുക്കിടയിൽ ഹംസമായി നിന്നതെന്നും” ആദിത്യ പറഞ്ഞു.
ആദിത്യയാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും വിവാഹത്തിന് ആദ്യം മുതൽ തന്നെ ആദിത്യയ്‌ക്ക് താത്പര്യമുണ്ടായിരുന്നെന്നും അഞ്ജു ജോസഫ് പറഞ്ഞു. പ്രണയത്തിലേക്ക് കടന്നാൽ സൗഹൃദം പോകുമോയെന്ന് ഞാൻ പേടിച്ചിരുന്നു. നല്ലത് പോലെ ആലോചിച്ചതിന് ശേഷം തീരുമാനിക്കണമെന്ന് ആദിത്യയോട് പറഞ്ഞു. ബന്ധത്തിലെത്തി പിന്നീട് പിരിയേണ്ടിവന്നാൽ ഈ സൗഹൃദം നഷ്ടമാകുമോ എന്നൊക്കെ താൻ ചിന്തിച്ചിരുന്നുവെന്നും അഞ്ജു ജോസഫ് പറഞ്ഞു.















