മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവിൽ ഒപ്പുവച്ച് ദേവേന്ദ്ര ഫഡ്നാവിസ്. മജ്ജ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ ആവശ്യമായ രോഗിക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ദേവേന്ദ്ര ഫഡ്നാവിസ് ഒപ്പുവച്ചത്. പൂനെ സ്വദേശിയായ യുവാവിന്റെ ചികിത്സാ ധനസഹായത്തിനാണ് മുഖ്യമന്ത്രി അനുമതി നൽകിയത്.
ആദ്യ മന്ത്രിസഭാ യോഗത്തിന് മുമ്പാണ് ഫഡ്‌നാവിസ് ചികിത്സാ സഹായം അനുവദിച്ചത്. മജ്ജ മാറ്റിവയ്‌ക്കുന്നതിന് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം, മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. യുവാവിന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ച അദ്ദേഹം ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന ചടങ്ങിലാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഉപമുഖ്യമന്ത്രിമാരായി ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും അധികാരമേറ്റു.















