വത്തിക്കാൻ: ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾക്ക് ലോകം ഇന്ന് സാക്ഷ്യം വഹിക്കും. വത്തിക്കാനിൽ, രാജ്യത്തിനും മലയാളികൾക്കും അഭിമാനമായി ചങ്ങനാശേരി സ്വദേശിയായ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി 8. 30-നാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കർമികത്വം വഹിക്കുന്ന ചടങ്ങിൽ ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോർജ് കൂവക്കാട് കർദനാളായി ഉയർത്തപ്പെടും. അദ്ദേഹത്തെ കൂടാതെ 20 പേരെയും കർദിനാൾ പദവിയിലേക്ക് ഉയർത്തും.
ജോർജ് കൂവക്കാടിനെ വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി നിയമിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നും നേരിട്ട് കർദിനാൾ പദവിയിലെത്തുന്ന ആദ്യ വൈദികനെന്ന ബഹുമതിയാണ് ജോർജ് കൂവക്കാട് സ്വന്തമാക്കിയിരിക്കുന്നത്. കർദിനാൾമാരെ കത്തോലിക്കാ സഭയിലെ രാജകുമാരന്മാരാണെന്നാണ് വിശേഷിപ്പിക്കുന്നത്.
ജോർജ് കൂവക്കാടിന്റെ ഇടവകയായ ചങ്ങനാശേരി മാമൂട് പള്ളിയിൽ രാവിലെ തന്നെ പ്രാർത്ഥനകൾ ആരംഭിച്ചിരുന്നു. നാട്ടുകാർക്കും ഇടവകക്കാർക്കും അഭിമാന നിമിഷമാണിത്. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിൽ എത്തിയിരിക്കുന്നത്. ജോർജ് കുര്യന് പുറമെ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എം പി കൊടിക്കുന്നിൽ സുരേഷ്, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്.















