ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ഗുരാസിസ് സിംഗാണ് സർനിയയിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ 36-കാരനായ ക്രോസ്ലി ഹൺഡർ പിടിയിലായിട്ടുണ്ട്. ലാംബ്ടൺ കോളേജിൽ ബിസിനസ് പ്രോഗ്രാം വിദ്യാർത്ഥിയായിരുന്നു മരിച്ച 22-കാരൻ.
സർനിയയിലെ ക്വീൻ സ്ട്രീറ്റിലെ ഫ്ലാറ്റിലെ താമസക്കാരാണ് ക്രോസ്ലി ഹൺഡറും ഗുരാസിസ് സിംഗും. അടുക്കളയിൽ വച്ചാണ് സിംഗിനെ ഹൺഡർ കുത്തിയത്. സംഭവസ്ഥലത്തെ പൊലീസെത്തിയപ്പോൾ നിരവധി തവണ കുത്തേറ്റ നിലയിൽ സിംഗിനെ കണ്ടെത്തുകയായിരുന്നു. സിംഗ് തൽക്ഷണം മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഹൺഡറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ലാംടൺ കോളേജ് ദുഃഖം രേഖപ്പെടുത്തി. ഗുരാസിസിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കൊപ്പം ചേരുന്നുവെന്നും കോളേജിന്റെ പ്രസ്താവനയിൽ പറയുന്നു.