കണ്ണൂർ : കൂട്ടുകാർക്കൊപ്പം കലപില സംസാരിച്ച് ഓടിനടന്നവൾ ഇന്ന് അനക്കമില്ലാതെ കിടപ്പാണ് . 10 മാസം മുൻപ് നടന്ന അപകടമാണ് ദൃഷാന എന്ന ഈ 10 വയസുകാരിയുടെ ജീവിതത്തെ കിടക്കയിൽ തന്നെ തളച്ചിട്ടത് .
2024 ഫെബ്രുവരി 17ന് വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ദൃഷാനയെയും മുത്തശ്ശി 68 വയസ്സുകാരി ബേബിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മുത്തശ്ശി ബേബി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ദൃഷാനയ്‌ക്ക് ഗുരുതര പരുക്കേറ്റു
കഴിഞ്ഞ 10 മാസമായി ഇന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയിലാണ് ആ കുഞ്ഞ്. തങ്ങളെ ഇരട്ട ദുഃഖത്തിലാക്കിയ കാറെങ്കിലും കണ്ട് പിടിക്കണമെന്ന കുടുംബത്തിന്റെ ആവശ്യമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുനത് . ദൃഷാനയെ ഇടിച്ചിട്ട് കടന്ന് കളഞ്ഞത് കെ.എല്‍.18 ആര്‍ 1846 സ്വിഫ്റ്റ് കാറാണെന്നാണ് പൊലീസ് കണ്ടെത്തി.
അപകടം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇടിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചത്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 19,000 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. 50,000 ഫോൺകോളുകളും പരിശോധിച്ചു. അഞ്ഞൂറിലധികം വർക് ഷോപ്പുകളിലും അന്വേഷണസംഘം കയറിയിറങ്ങി. 40 കിലോമീറ്റർ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതി ഷജീലിനെ കുടുക്കിയത്. യുഎഇയിലുള്ള പ്രതി ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ദൃഷാനയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെയാണ് കാറുമായി ഷജീൽ രക്ഷപ്പെട്ടത്. അപകടത്തിനു ശേഷം പ്രതി വാഹനത്തിന് രൂപമാറ്റവും വരുത്തി.